ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍

കൊടുമുടിയോളം വളര്‍ന്നെന്ന് അഹങ്കരിക്കുന്നവര്‍ വന്ന വഴി മറക്കും. മതിമറന്ന ഇവരുടെ യാത്ര പടുകുഴിയിലേക്കായിരിക്കും. പറഞ്ഞുവരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെപി നദ്ദ എന്നിവരെ കുറിച്ചാണ്. ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.
മോദിയും ഷായും വളരുകയും ബിജെപി അവരുടെ കൈപ്പിടിയിലാവുകയും ചെയ്തതോടെ രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്ക്കരി തുടങ്ങി രണ്ടാംനിരയിലെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. അവര്‍ ആര്‍.എസ്.എസ് നേതൃത്വത്തെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ കാലംമുതലാണ് ആര്‍എസ്എസുമായി മോദിയും കൂട്ടരും അകന്ന് തുടങ്ങിയത്. അംബാനി, അദാനി തുടങ്ങിയ വ്യവസായികളുമായുള്ള ഇവരുടെ ബന്ധവും ബാജെപിയുടെ ആസ്തി ലക്ഷക്കണക്കിന് കോടി രൂപയായി ഉയര്‍ന്നതും കാരണം തങ്ങള്‍ക്കിനി ആരുടെയും പിന്തുണ വേണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നുമാണ് നദ്ദ പറയുന്നത്.
എല്ലാ തെരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാറുണ്ട്. ഇത്തവണ പ്രചാരണത്തില്‍ അവരുടെ അസാനിധ്യത്തിന് കാരണം മോദിയോടും കൂട്ടരോടുമുള്ള വിയോജിപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാലം മാറി ബിജെപി വളര്‍ന്നെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. വളരാന്‍ വേരൂന്നി നിന്നത് ആര്‍.എസ്.എസ് ആണെന്ന കാര്യം നേതാക്കള്‍ വിസ്മരിക്കുന്നതില്‍ സംഘപരിവാര്‍ അനുകൂലികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
എബി വായ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യം അധികാരത്തിലെത്തിയ കാലം മുതല്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് ആര്‍എസ്.എസ് ആയിരുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിലേറിയതും അങ്ങനെ തന്നെ. എന്നാല്‍ രണ്ടാംമൂഴത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 300 സീറ്റ് കിട്ടിയതോടെ ആര്‍എസ്.എസിനെ വേണ്ടാതായി. വാജ്‌പേയിയുടെ കാലത്ത് രാജേന്ദ്രസിംഗും കെ.എസ് സുദര്‍ശനനുമായിരുന്നു ആര്‍.എസ്.എസ് മേധാവികള്‍. ഇവരുമായി വാജ്‌പേയ് നിരന്തരം ആശയവിനിമയം നടത്തിയാണ് ഭിന്നതകള്‍ പരിഹരിച്ചിരുന്നത്.
അതായത് അദ്ദേഹം സംഘപരിവാറിനെ പിണക്കാന്‍ തയ്യാറല്ലായിരുന്നു. മോദി അങ്ങനെയല്ല എല്ലാവരും തന്റെ നിയന്ത്രണത്തിലാകണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ ആശയവിനിമയങ്ങളുണ്ടായിരുന്നു. മൃഗീയഭൂരിപക്ഷം കിട്ടിയതോടെയാണ് അതില്‍ മാറ്റംവന്നത്.
സര്‍ക്കാരിന്റെയും ബിജെപിയുടെയും പൂര്‍ണ നിയന്ത്രണം മോദി-ഷാ കൂട്ടുകെട്ടിന്റെ കയ്യിലായി. പാര്‍ട്ടിയുടെ ചരട് പോകാതിരിക്കാന്‍ വിശ്വസ്തനായ ജെപി നദ്ദയെ അധ്യക്ഷനുമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് നേതൃത്വവുമയി മോദിയും ഷായും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അഞ്ച് കൊല്ലം സ്വന്തംനിലയ്ക്ക് ഭരണം നടത്തിയവര്‍ തെരഞ്ഞെടുപ്പും അങ്ങനെ നേരിട്ടാല്‍ മതിയെന്ന നിലപാടാണ് ആര്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചത്.
ആര്‍.എസ്.എസിന്റെ സ്വാധീനമുള്ള സര്‍ക്കാരാണെന്ന പ്രചരണം ബിജെപിക്ക് ഗുണം ചെയ്യാത്തത് കൊണ്ടാണ് മോദിയും കൂട്ടരും പുതിയ തന്ത്രം മെനയുന്നതെന്നും വ്യാഖ്യാനമുണ്ട്. ഭരണപരമായി ബിജെപിക്ക് സ്വന്തം അസ്തിത്വം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അയോധ്യ, വിദേശ-സാമ്പത്തിക നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പാണ് ആര്‍.എസ്.എസ് കാട്ടിയിരുന്നത്. എന്നാല്‍ മോദി സ്വന്തംനിലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മാണം, പൗരത്വഭേദഗതി നിയമം, ഏക സിവില്‍കോഡ്, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നീ കാര്യങ്ങള്‍ ഉദാഹരണം. പ്രത്യക്ഷത്തില്‍ പരിവാര്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ അവരുമായി അകല്‍ച്ച പാലിക്കുക എന്ന വളരെ കൗശലപരമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അതുകൊണ്ട് ആര്‍എസ്എസുമായി ബിജെപിക്ക് ഭിന്നതയുണ്ടെന്ന് ആര്‍ക്കും സംശയം തോന്നില്ല. ആര്‍എസ്എസിന്റെ സംഘടാ ശക്തിയും പ്രചാരകരുമാണ് ബിജെപിയുടെ ശക്തി. കാരണം നിസ്വാര്‍ത്ഥ സേവനമാണ് പ്രചാരകര്‍ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ രീതിയിലുള്ള പ്രവര്‍ത്തനം നടത്താറില്ല. അവര്‍ക്കൊക്കെ പാര്‍ലമെന്ററി മോഹങ്ങളടക്കമുണ്ട്.
ഇരുകൂട്ടരും തമ്മിലുള്ള ഭിന്നിപ്പ് മുതലെടുക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയെ പിളര്‍ത്തി അധികാരം കവര്‍ന്നെടുത്ത ബിജെപിയെ പാഠം പഠിപ്പിക്കാനാണ് ഉദ്ധവിന്റെ നീക്കം. അതുകൊണ്ടാണ് ആര്‍എസ്എസിനെ മോദി നിരോധിച്ചേക്കുമെന്ന് ഉദ്ധവ് ആരോപിച്ചത്. കാശി, മഥുര ക്ഷേത്രങ്ങള്‍ സ്ഥാപിക്കണമെന്ന് സംഘപരിവാര്‍ ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ബിജെപിയുടെ അജണ്ടയിലില്ലെന്ന് നദ്ദ വ്യക്തമാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. മോദി-ഷാ കൂട്ടുകെട്ടിന്റെ ശക്തനായ എതിരാളിയായ യോഗി ആദിത്യനാഥ് ഇവിടങ്ങളില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. യോഗിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് നദ്ദ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കര്‍ഷകരും ദളിതരും പിന്നോക്കക്കാരും ബിജെപിയില്‍ നിന്ന് അകന്നതിനാല്‍ ഹിന്ദുത്വ എന്ന അജണ്ട എല്ലാക്കാലത്തും ക്ലച്ച് പിടിക്കില്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സംവരണ ആയുധത്തെ മറ്റൊരു രീതിയില്‍ തളച്ചിടാന്‍ മോദിയും കൂട്ടരും നോക്കുന്നത്. എന്നാലത് എത്രത്തോളം ഫലപ്രദമാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ പറയാനാകൂ. ആര്‍എസ്.എസിനെ പിണക്കിക്കൊണ്ട് മോദിക്കെന്നല്ല ഒരു ബിജെപി നേതാവിനും മുന്നോട്ട് പോകാനാകില്ല.
https://www.facebook.com/Malayalivartha