മുഖ്യമന്ത്രി വിജിലിന്‍സ് കോടതി വിധിക്കെതിരെ ഇന്ന് അപ്പീല്‍ നല്‍കും

വിജിലന്‍സ് കോടതിവിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിക്കുന്നു. ക്രിമിനല്‍ റിട്ട് ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യും. വിജിലന്‍സ് കോടതിവിധി നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമാകും ഉന്നയിക്കുക.
കെ.ബാബുവിന്റെ മാതൃകയില്‍ ഉമ്മന്‍ ചാണ്ടിയും വ്യക്തിപരമായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ബാബുവിനെതിരായ വിധി മരവിപ്പിക്കാന്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെ ഉന്നയിക്കും. സരിത നായര്‍ സോളര്‍ കമ്മിഷന് നല്‍കിയ മൊഴികളും അവയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ മാധ്യമവാര്‍ത്തകളും മാത്രം പരിഗണിച്ചാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാലീ ആരോപണങ്ങളില്‍ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വിജിലന്‍സ് കോടതിയുടെ നടപടി നിയമപരമയി നിലനില്‍ക്കില്ലെന്നാകും ഉമ്മന്‍ ചാണ്ടിയുടെ വാദം.
മാത്രമല്ല, അടുത്തകാലത്തുണ്ടായ സുപ്രീംകോടതി വിധിപ്രകാരം സ്വകാര്യാന്യായം സമര്‍പ്പിക്കുന്നവര്‍ ആദ്യം അന്വേഷണ ഏജന്‍സിയെയാണ് സമീപിക്കേണ്ടത്. നടപടി തൃപ്തികരമല്ലെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാം. അന്യായത്തിനൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലവും തൃശൂര്‍ വിജിലന്‍സ് കോടതിയിലെ പരാതിക്കാരന്‍ നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുന്നതിനൊപ്പം വിജിലന്‍സ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ നിരീക്ഷണങ്ങള്‍ അനാവശ്യമായെന്നും ധരിപ്പിക്കും.
കെ.ബാബുവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.ശ്രീകുമാര്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കായും ഹാജരാകും. പ്രത്യേക അനുമതിയോടെ ഉച്ചക്ക് 1.45നാകും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























