ബെയ്ലി പാലം വൈകുന്നേരത്തോടെ പൂര്‍ത്തിയായി.... യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും

വയനാട് ദുരന്ത ഭൂമിയില്‍ വിപുലമായ രക്ഷാപ്രവര്‍ത്തിനായി നിര്‍മാണം ആരംഭിച്ച ബെയ്ലി പാലം വൈകുന്നേരത്തോടെ പൂര്‍ത്തിയായി. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയതു ബോംബ് സ്‌ഫോടനത്തിനു തുല്യമായ അവസ്ഥയിലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ). കൂറ്റന്‍ പാറക്കെട്ടുകള്‍ തകര്‍ന്നു തെറിച്ചത് ആഘാതം വര്‍ധിപ്പിച്ചു. ചാര്‍നോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് ഈ പ്രദേശത്തെ കുന്നുകളുടെ പ്രത്യേകത. തുടര്‍ച്ചയായ മഴയില്‍ ഈ പാറയിലെ വിടവുകളിലൂടെ വെള്ളം നിറഞ്ഞു.
അവസാനത്തെ 2 ദിവസം കൊണ്ട് 60 സെന്റിമീറ്ററോളം മഴ പെയ്തതോടെ പാറയ്ക്കുള്ളില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി കവിഞ്ഞു.കടുത്ത സമ്മര്‍ദത്തില്‍ കൂറ്റന്‍ പാറകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ വെള്ളത്തോടൊപ്പം പാറക്കഷണങ്ങളും തെറിച്ചുവീണത് ആഘാതം പലമടങ്ങ് വര്‍ധിപ്പിച്ചതായി ജിഎസ്‌ഐ കേരള ഘടകം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി പറഞ്ഞു.
https://www.facebook.com/Malayalivartha