വമ്പന്‍ കൈയ്യടി... രണ്ട് ദിവസം കൊണ്ട് പാലം യാഥാര്‍ത്ഥ്യമാക്കിയ സൈന്യത്തിന് കേരളത്തിന്റെ കൈയ്യടി; ബെയ്ലി പാലത്തിലൂടെ വയനാട് രക്ഷാദൗത്യം ഇന്ന് ഊര്‍ജിതമാകും, ചാലിയാറിന്റെ 40 കിമീ പരിധിയിലടക്കം തിരച്ചില്‍ നടത്തും; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തും

ഇന്ത്യന്‍ ആര്‍മിയുടെ കരുത്ത് വീണ്ടും കേരളമറിഞ്ഞു. രണ്ട് ദിവസം കൊണ്ട് പാലം യാഥാര്‍ത്ഥ്യമാക്കിയ സൈന്യത്തിന് കേരളത്തിന്റെ കൈയ്യടി. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മന്ത്രിമാരായ കെ രാജന്, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തെരച്ചില്‍ നടത്തുക. കോസ്റ്റ് ഗാര്‍ഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചില്‍ നടത്തും.മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.
അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്. സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ഇന്നുമുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചില്‍ നടത്തും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേര്‍ന്നാകും തിരച്ചില്‍ നടത്തുക. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായും തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും.
25 ആംബുലന്‍സ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ 6 നായകളും തെരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. തമിഴ്നാട്ടില്‍ നിന്നും നാല് കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലെത്തും.
അതേസമയം ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ചൂണ്ടികാട്ടി. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























