കണ്ണീരടക്കാനാവാതെ.... കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല് കുത്തേറ്റ് മരിച്ചു

കണ്ണീരടക്കാനാവാതെ.... കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല് കുത്തേറ്റ് മരിച്ചു. കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവര്‍.
ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു സംഭവം. ജീവിത ശൈലീരോഗങ്ങള്‍ ഉള്ള ശ്യാമള എല്ലാ ദിവസവും രാവിലെ കൂവളത്തിന്റെ ഇല പറിച്ച് അരച്ച് കഴിക്കുമായിരുന്നു. വീട്ടുവളപ്പിനോട് ചേര്‍ന്നുള്ള മകള്‍ ജയശ്രീയുടെ പുരയിടത്തില്‍ നിന്ന് കൂവളത്തിന്റെ ഇല പറിച്ചെടുത്തശേഷം അടുത്തദിവസം അരച്ച് കഴിക്കുന്നതാണ് ഇവരുടെ ശീലമെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരലവും ഇതേ ആവശ്യത്തിനുളള ഇല പറിക്കുന്നതിനായിരുന്നു ശ്യാമള കാടുകയറി പുരയിടത്തിലെത്തിയത്. ഇവിടെയുളള തെങ്ങില്‍ നിന്ന് കടന്നല്‍കൂട് താഴെ വീണ് കിടന്നിരുന്നത് ശ്യാമള കണ്ടിരുന്നില്ല. ഇല പറിക്കുന്നതിനിടയില്‍ അറിയാതെ കടന്നല് കൂട്ടില്‍ ചവിട്ടിയപ്പോള്‍ ഇവ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇവര്‍ ഓടി വീട്ടിലെത്തി ഫോണെടുത്ത് പരിചയക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചുവരുത്തി. തുടര്‍ന്ന് പൂങ്കൂളത്തുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയില്‍ ശ്വാസതടസവും ശാരീരീകഅസ്വസ്ഥയുമുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് 108 ആംബുലന്‍സില്‍ ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. കോവളം പോലീസ് കേസെടുത്തു. ഭര്‍ത്താവ് പരേതനായ പരമേശ്വരന് ആശാരി. മക്കള്‍; ജയശ്രീ, വിജയകുമാര്‍.
"
https://www.facebook.com/Malayalivartha


























