വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തലശ്ശേരി സ്വദേശിയായ എസ്റ്റേറ്റ് ഉടമക്ക് പിന്നാലെ ഭാര്യയും യാത്രയായി

വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തലശ്ശേരി സ്വദേശിയായ എസ്റ്റേറ്റ് ഉടമക്ക് പിന്നാലെ ഭാര്യയും യാത്രയായി. ഉരുള്‍പൊട്ടലില്‍ കാണാതായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പി.കെ. പാര്‍ഥന്റെ ഭാര്യ ഉച്ചമ്പള്ളി നന്ദയുടെ (68) മൃതദേഹം ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടക്കൈയില്‍ കണ്ടെത്തിയത്.
പാര്‍ഥന്റെ (76) മൃതദേഹം ബുധനാഴ്ച വൈകുന്നേരം തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയില്‍ കൊണ്ടുവന്ന് ചിറക്കര കണ്ടിക്കല്‍ നിദ്രാതീരം ശ്മശാനത്തില്‍ സംസ്കരിച്ചതിനു പിന്നാലെ മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്നാണ് നന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
കൈയില്‍ അണിഞ്ഞ ഭര്‍ത്താവിന്റെ പേരിലുള്ള വിവാഹ മോതിരത്തില്‍ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനുശേഷം രാത്രി വൈകിയാണ് വിവരം പുറത്തുവിട്ടത്. വര്‍ഷങ്ങളായി പാര്ഥന് ഭാര്യ നന്ദക്കൊപ്പം മുണ്ടക്കൈയിലാണ് താമസം. പാര്‍ഥന്റെ പിതാവ് തലശ്ശേരി കോണോര്‍വയലിലെ കനോത്ത് കരുണാകരന് ഹാരിസണ്‍ മലയാളം ടീ എസ്റ്റേറ്റില്‍ ദീര്‍ഘകാലം ക്ലര്‍ക്കായിരുന്നു. കുടുംബസമേതം അവിടെയായിരുന്നു താമസം.
ചാലിയാര്‍പ്പുഴയില്‍ നിലമ്പൂര്‍ പോത്തുകല്ലില്നിന്നാണ് പാര്‍ഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വയനാട് മുണ്ടക്കൈയിലെ കരുണസരോജം കാപ്പിത്തോട്ടത്തിന്റെ ഉടമയായിരുന്നു മരിച്ച പാര്ഥന്. നന്ദ തലശ്ശേരി ചേറ്റംകുന്നിലെ പരേതരായ എം.പി. ബാലന് -ഉച്ചമ്പള്ളി പത്മിനി ദമ്പതികളുടെ മകളാണ്. മക്കള്‍: ഹര്‍ഷ (ഐ.ടി, എറണാകുളം), വൈഷ്ണ (കാനഡ). മരുമക്കള്‍: അര്ജുന് (ബിസിനസ്, എറണാകുളം), രാഹുല്‍ (കാനഡ).
വ്യാഴാഴ്ച രാവിലെ തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വീട്ടില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കണ്ടിക്കല്‍ നിദ്രാതീരം വാതക ശ്മശാനത്തില്‍ സംസ്കരിച്ചു. നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























