ഒരു രാത്രിയും ഒരു പകലും നീണ്ട അധ്വാനം. പെരുമഴയെയും കുത്തൊഴുക്കിനെയും അതിജീവിച്ച് സൈന്യം തയ്യാറാക്കിയ ഉരുക്ക് പാലത്തിന് 190 അടി നീളമാണുള്ളത്... സൈനിക വാഹനം കയറ്റി പാലത്തിന്‍റെ ബലവും പരിശോധിച്ചു... ഈ പാലം നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സൈന്യത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയാണ്

ഒരു രാത്രിയും ഒരു പകലും നീണ്ട അധ്വാനം. പെരുമഴയെയും കുത്തൊഴുക്കിനെയും അതിജീവിച്ച് സൈന്യം തയ്യാറാക്കിയ ഉരുക്ക് പാലത്തിന് 190 അടി നീളമാണുള്ളത്. അതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ കടന്നുപോയത് കയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായത് രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള തെരച്ചിലിൽ ഏറെ നിർണായകമാണ്.
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാദുരന്തമാണ് വയനാട്ടിലേത്. എല്ലാവരും കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോഴും, ഉരുൾ പൊട്ടലിൽ പാലം തകർന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ പ്രതികൂല കാലാവസ്ഥയിലും, ദിവസങ്ങളുടെ അധ്വാനത്തിൽ ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നു. സൈനിക വാഹനം കയറ്റി പാലത്തിന്‍റെ ബലവും പരിശോധിച്ചു. ഈ പാലം നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സൈന്യത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയാണ്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമാണ് മേജർ സീത ഷെൽക്കെ. ചൂരല്‍മലയിലെ ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിന്റെ എൻജിനീയറാണ് അവർ. അതെ.. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക പാലം അവിടെ നിർമ്മിച്ചിരിക്കുന്നു.
ഇനി വാഹനങ്ങൾക്കും മറ്റും അങ്ങോട്ടേക്ക് എത്തുവാനും രക്ഷാപ്രവർത്തനം നടത്തുവാനും എളുപ്പമായി. പാലം പണി പൂർത്തിയായതോടെ, ഇന്ത്യൻ ആർമിയെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. ദുരന്തമുഖങ്ങളിൽ ആർമി എത്തി എന്ന വാർത്ത കേട്ടാൽ പോലും പകുതി സമാധാനമാവുമെന്ന് അഭിപ്രായപ്പെടുന്നു ഭൂരിഭാഗം പേരും. വയനാട് ഉരുള്‍പൊട്ടലില്‍ മരണം 296 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ തുടരുകയാണ്. ഇതുവരെ 152 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴ പലപ്പോഴും തിരച്ചിലിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറുഗ്രാമത്തിൽ നിന്നാണ് മേജർ സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. 600 പേർ മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത അശോക് ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്.
ഒരു ഐപിഎസ് കാരി ആകണമെന്നായിരുന്നു മോഹം. പക്ഷേ അതിലേക്ക് നയിക്കാന്‍ ആരുമിണ്ടാകാതെ വന്നതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള ശ്രമം സീത അശോക് ഷെൽക്കെ നടത്തുന്നത്. രണ്ട് തവണ എസ്എസ്ബി പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ സീത അശോക് ഷെൽക്കെ തയാറായിരുന്നില്ല. മൂന്നാം തവണ പരീക്ഷ പാസായി. 2012 ലാണ് സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായത്.
ചെന്നൈയിലെ ഒടിഎയിൽ നിന്നാണ് സീത അശോക് ഷെൽക്കെ പരിശീലനം പൂർത്തിയാക്കിയത്. മൂന്ന് സഹോദരിമാരാണ് സീത അശോക് ഷെൽക്കെയ്ക്കുള്ളത്. ചെറിയ ഗ്രാമത്തിൽ നിന്നാണ് വരുന്നതെങ്കിലും സൈന്യത്തിന്റെ ഭാഗമാകണമെന്ന തന്റെ സ്വപ്നത്തിന് രക്ഷിതാക്കൾ വലിയ രീതിയിൽ പിന്തുണ നൽകിയെന്നാണ് സീത അശോക് ഷെൽക്കെ നേരത്തെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ഇതിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ മേജർ സീത അശോക് ഷെല്‍ക്കെയുമുണ്ട്.
1780 സെപ്റ്റംബർ 30-ന് ബ്രിട്ടീഷുകാർ രൂപവത്കരിച്ച എം.ഇ.ജി. ഇന്ന് ലോകത്തുതന്നെ ഏറ്റവും ശ്രദ്ധേയമായ സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കുന്ന എൻജിനിയറിങ് വിഭാഗമായിട്ടാണ് മദ്രാസ് സാപ്പേഴ്‌സ് രൂപവത്കരിക്കുന്നത്.
മദ്രാസ് സാപ്പേഴ്‌സിനു പുറമേ ബംഗാൾ സാപ്പേഴ്‌സ്, ബോംബെ സാപ്പേഴ്‌സ് എന്നീ എൻജിനിയറിങ് വിഭാഗവും ഇന്ത്യൻ സൈന്യത്തിനുണ്ട്. കഴിഞ്ഞ 244 വർഷങ്ങൾക്കിടെ ഒട്ടേറെ യുദ്ധമുഖങ്ങളിലാണ് മദ്രാസ് സാപ്പേഴ്‌സിന്റെ കരുത്തരായ പട്ടാളക്കാർ സഹായ കരങ്ങളെത്തിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























