വയനാട് മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ട 150 കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കും

വയനാട് മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കൈകോര്‍ത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി നാഷണല്‍ സര്‍വീസ് സ്‌കീം. പ്രകൃതിക്ഷോഭം പാര്‍പ്പിടം നഷ്ടപ്പെടുത്തിയവരില്‍ 150 കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കും.
സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുക. കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ ടി ഐ തുടങ്ങിയവയിലെയും എന്‍ എസ് എസ് സെല്ലുകളുടെ കീഴിലുള്ള എന്‍ എസ് എസ് യൂണിറ്റുകളും എന്‍ എസ് എസ് മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ഓഫീസര്‍മാരും ഈ സ്നേഹ ദൗത്യത്തില്‍ പങ്കാളികളാകും.
മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദുരന്തദിനത്തില്‍ത്തന്നെ എന്‍ എസ് എസ് / എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍ എസ് എസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി, ദുരന്തബാധിതര്‍ക്ക് അവരനുഭവിച്ച മാനസിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ട വിദഗ്ധ കൗണ്‍സലിംഗ് എന്‍ എസ് എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി 'ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളേജ്' ക്യാമ്പയിനും എന്‍ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ എന്‍ എസ് എസ് നല്‍കും.
ആരോഗ്യ സര്‍വകലാശാല എന്‍ എസ് എസ് ടീമിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാമ്പുകളില്‍ ലഭ്യമാക്കും. ഇപ്പോള്‍ എന്‍ എസ് എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിത മേഖലയില്‍ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരും ഓഫീസര്‍മാരും യൂണിറ്റുകളും പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാങ്കേതികപരിജ്ഞാനംകൂടി പുനരധിവാസപ്രവര്‍ത്തങ്ങളില്‍ ഉപയോഗപ്പെടുത്തും. പോളി ടെക്‌നിക്ക് കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍ എസ് എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കിനല്കും. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും സേവനോന്മുഖരായി എന്‍ എസ് എസ് വളണ്ടിയര്‍മാരും എന്‍സിസി കേഡറ്റുകളും നാടിന്റെ കണ്ണീരൊപ്പാന്‍ കലാലയങ്ങളുടെയാകെ പ്രതിനിധികളായി മൊത്തം സന്നദ്ധപ്രവര്‍ത്തനങ്ങളോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.
വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തം എത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി. വയനാടിന്റെ കേഡറ്റുകളും, എന്‍.സി.സിയിലെ മിലിറ്ററി ഓഫീസര്‍മാരും കര്‍മ്മനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.
മീനങ്ങാടിയില്‍ കുടുംബത്തോടെ കാണാതായ കേഡറ്റ് വൈഷ്ണവിനെ (EMBC മീനങ്ങാടി) പോലെ വലിയ പ്രയാസങ്ങള്‍ എന്‍സിസി കുടുംബത്തിന് ഈ പ്രദേശത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബാംഗങ്ങളെയും വീടും ആകെ നഷ്ടപ്പെട്ട ലാവണ്യ (ജെഎന്‍വി ലക്കിടി), പി എസ് അഭിനന്ദ് (ഗവ. കോളേജ് മാനന്തവാടി), വീടു നഷ്ടപ്പെട്ട എം അഭിനവ് (NMSM), പി ആദിത്യ (SMC സുല്‍ത്താന്‍ ബത്തേരി) എന്നിങ്ങനെ സഹപ്രവര്‍ത്തകരായ കേഡറ്റുമാരുടെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിനിടയിലാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്.
സഹജീവികളോടുള്ള കരുണയാല്‍ ഇത്ര പ്രയാസകരമായ ദൗത്യത്തില്‍ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന എന്‍ എസ് എസ് / എന്‍സിസി കര്‍മ്മഭടന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നു. നാടൊന്നാകെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ അതില്‍ ക്യാമ്പസുകളുടെ കൂടി കൈത്താങ്ങ് അര്‍പ്പിക്കാന്‍ എന്‍ സി സി / എന്‍ എസ് എസ് പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂറും ഉണ്ടാകും. അതിനായുള്ള നിര്‍ദ്ദേശവും ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























