മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. തവളയോ പാമ്പോ പോലുള്ള ജീവികളുടേതാകാം ലഭിച്ച സിഗ്നല്ലെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു. ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്.
മുണ്ടക്കൈ അങ്ങാടിയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്ക്യു റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്നു മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 56 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ 10 ക്യാമ്പുകളിലായി 1729 പേരുണ്ട്.
https://www.facebook.com/Malayalivartha


























