പ്രാര്‍ത്ഥന എല്ലാവര്ക്കും... സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ജീവനില്ല; ഇവിടെനിന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല; ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം; വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ കല്പറ്റ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു

ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രതീക്ഷയുടെ നിമിഷങ്ങളായിരുന്നു. മണ്ണിനടിയില്‍ ജീവനോടെ ആരോ ഉണ്ടെന്ന് കരുതിയ നിമിഷങ്ങളായിരുന്നു. അവസാനം ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകള്‍ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദൗത്യസംഘംദൗത്യം അവസാനിപ്പിച്ചു.
റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകര്‍ന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടര്‍ന്ന് രാത്രി വൈകിയും പരിശോധന നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാല്‍ 5 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല
മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കും എന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് മനുഷ്യന്റേതെന്ന് തന്നെയാണെന്ന് ഉറപ്പിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങള്‍ കല്പറ്റ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശപ്രകാരമാണ് സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് സംസ്കാരം.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര് കേളു, ടി സിദ്ധീഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, സ്പെഷ്യല്‍ ഓഫീസര്‍മാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുന്‍ എം.എല്‍.എ സി കെ ശശീന്ദ്രന്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് എന്നിവരും ജനപ്രതിനിധികളും മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു.
ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്ക്കാരം എന്നിവക്ക് രജിസ്ട്രേഷന് വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























