വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പ്രഖ്യാപിച്ചു. വയനാട്ടിലെ ദാരുണമായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി സിദ്ധരാമയ്യ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഞങ്ങളുടെ പിന്തുണ മുഖ്യമന്ത്രി പിണറായിവിജയന് ഞാന്‍ ഉറപ്പുനല്‍കുകയും ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് പുനര്‍നിര്‍മിക്കുകയും പ്രതീക്ഷ വീണ്ടെടുക്കുകയും ചെയ്യും.' അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ഈ ദുഷ്കരമായ സമയത്ത് ഉദാരമായ പിന്തുണ നല്‍കിയതിന് കര്‍ണാടകയിലെ ജനങ്ങളോടും സര്‍ക്കാരിനോടും അഗാധമായ നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി 'എക്സില്‍' സിദ്ധരാമയ്യയുടെ പോസ്റ്റ് പങ്കിട്ടു കൊണ്ട് പറഞ്ഞു.
'ഉരുള്‍പൊട്ടലില്‍ ഇരയായവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധത പുനരധിവാസ ശ്രമങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. രാജ്യത്തിന്റെ മുഴുവന്‍ കാരുണ്യവും ഐക്യദാര്‍ഢ്യവുമാണ് വയനാടിന് ഇപ്പോള്‍ ആവശ്യമായ ശക്തി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധിയും ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സന്ദര്‍ശിച്ചിരുന്നു.
കര്‍ണാടകയുടെ പ്രഖ്യാപനത്തിന് പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നന്ദി പറഞ്ഞു. കരുണയുടെയും മനുഷ്യത്വത്തിന്റെയും ഈ കൈത്താങ്ങിന് സിദ്ധരാമയ്യ ജിക്കും കര്‍ണാടകയിലെ ജനങ്ങള്‍ക്കും നന്ദി,' അവര്‍ 'എക്സില്‍' പോസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























