ഞങ്ങളുടെ മക്കളെ കൊണ്ടുപോയി തിന്നില്ലെ നീ. ചാലിയാറിനെ നോക്കി ശാപവാക്കുകള്‍ ഉരുവിടുകയാണ് അമ്മമാര്‍
ഉഗ്രരൂപം കൊണ്ട് കൊലകൊല്ലിയെപ്പോലെ ചാലിയാര്‍ പുഴ മാറി. ഞങ്ങളുടെ മക്കളെ കൊണ്ടുപോയി തിന്നില്ലെ നീ. ചാലിയാറിനെ നോക്കി ശാപവാക്കുകള്‍ ഉരുവിടുകയാണ് അമ്മമാര്‍. ഒന്നും ബാക്കി വെച്ചില്ല ഞങ്ങളെ ആയിട്ട് എന്തിന് ബാക്കി വെച്ചുവെന്ന് അലമുറയിട്ട് കരയുകയാണവര്‍. മുണ്ടക്കൈയ്യിലും ചൂരല്‍മലയിലുമൊക്കെ അവശേഷിക്കുന്നത് ഈ കാഴ്ചകളാണ്. ഇനിയും എത്രയോ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍. കണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്നു. മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. അവിടങ്ങളില്‍ പരിശോധന നടത്തുകയാണ് ദൗത്യസംഘം.
ദുരന്തമുണ്ടായത് മുതല്‍ തുടര്‍ച്ചയായ 10 ദിവസങ്ങളിലായി ചാലിയാറില്‍ നിന്നു കണ്ടെടുത്തത് 78 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ്. കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ പലതും ഒരുപക്ഷേ ഒരാളുടേതു തന്നെയാവാം. അതുകൊണ്ടു മൃതദേഹമായി കാണാനാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പശ്ചിമഘട്ടത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ചാലിയാര്‍, ഒട്ടേറെ പുഴകളെയും വെള്ളച്ചാട്ടങ്ങളെയും തോടുകളെയും നീര്‍ച്ചാലുകളെയുമെല്ലാം കൂടെക്കൂട്ടിയാണു മുണ്ടേരി കാടിറങ്ങിയെത്തുമ്പോഴേക്കു കരുത്തു കൂട്ടുന്നത്. ഇവയുടെ വൃഷ്ടിപ്രദേശത്ത് എവിടെയെങ്കിലും കനത്ത മഴയോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകുമ്പോഴെല്ലാം പുഴ ദുരന്തവാഹിനിയാകും. എങ്കിലും ഇതത്രത്തോളം ഭീകരമായ ഒരവസ്ഥ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നത്. ഈ പുഴ അവര്‍ക്ക് ജീവനോപാധിയാണ്. അവിടുത്തെ ചെറിയ കുട്ടികള്‍ക്ക് പോലും ചാലിയാര്‍ സുപരിചതമാണ്.
ചാലിയാറിന്റെ നിത്യക്കാഴ്ചയായ പൊന്നരിപ്പ് സംഘങ്ങളെ ഇപ്പോള്‍ പുഴയില്‍ കാണാനേയില്ല. വലവീശി മീന്‍ പിടിക്കുന്നവരും അലക്കാനെത്തുന്ന സ്ത്രീകളുമില്ല. മഹാദുരന്തം കഴിഞ്ഞു രണ്ടാഴ്ചയാകുമ്പോള്‍ ആളുകളകന്ന പുഴ സങ്കടം വഹിച്ച് ഒഴുകുകയാണ്. ഉരുള്‍പൊട്ടലിന്റെ ക്രൗര്യം വഹിച്ചും പ്രളയമായി കര കയ്യേറിയും ചാലിയാര്‍ പലതവണ ഒഴുകിയിട്ടുണ്ട്. എന്നാല്‍, നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ പതിവു ശാന്തതയിലേക്കു പുഴ തിരിച്ചെത്തുമായിരുന്നു. ഇത്തവണ പക്ഷേ, പുഞ്ചിരിമട്ടം മലയിടിഞ്ഞുവന്നു തുടച്ചുനീക്കിയ 2 ഗ്രാമങ്ങളിലെ മണ്ണും മനുഷ്യനെയും മറ്റെല്ലാത്തിനെയും കൊണ്ടാണു പുഴ വന്നത്. പൊന്നിനും മീനിനും പകരം മനുഷ്യ ശരീരങ്ങളും ശരീരഭാഗങ്ങളും! ആ ഭയാനക കാഴ്ച തീരവാസികള്‍ക്കു കണ്ണില്‍നിന്നു മായുന്നില്ല; ആ ഭീകര ദുരന്തത്തിന്റെ നിറവും ഗന്ധവും ചാലിയാറിനെ വിട്ടുപോയിട്ടുമില്ല. പഴയ ചാലിയാര്‍ ഇനിയെന്നു തിരിച്ചെത്തും?
പ്രളയമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാല്‍, വെള്ളമിറങ്ങുമ്പോള്‍ ആദ്യം പുഴയിലിറങ്ങുന്നതു പൊന്നരിക്കുന്ന സംഘങ്ങളാണ്. ഇത്തരം സമയങ്ങളിലാണ് കൂടുതലായി പൊന്‍തരി കിട്ടുന്നത്. മലയിടിഞ്ഞുവന്നു പാറക്കഷ്ണങ്ങളില്‍ നിന്നു പൊന്‍തരി തേടുന്നവരെ തീരങ്ങളില്‍ പലയിടങ്ങളിലും കാണാം. തീരങ്ങളോടു ചേര്‍ന്നു ചെറിയ കുഴികളുണ്ടാക്കി മരംകൊണ്ടു നിര്‍മിച്ച മരവിയില്‍ അരിച്ചാണു പൊന്‍തരി വേര്‍തിരിക്കുന്നത്. പതിറ്റാണ്ടുകളായി ചാലിയാറിലെ നിത്യക്കാഴ്ചയാണിത്.കാലവര്‍ഷം ശക്തിപ്പെട്ടു ജലനിരപ്പ് ഉയരുന്ന സമയത്തു മാത്രമേ പൊന്നരിപ്പുകാര്‍ പുഴ വിടാറുള്ളൂ. ചാലിയാറിനു പുറമേ നീലഗിരി മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന കലക്കന്‍പുഴയിലും പുന്നപ്പുഴയിലും പൊന്നരിപ്പു സംഘങ്ങളുണ്ടാകാറുണ്ട്.
ഇതിനിടെ മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha