മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്കൂളുകള്‍ ഇല്ലാതായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നു.... പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പുനഃപ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക, മന്ത്രി ഒ.ആര് കേളു അദ്ധ്യക്ഷനാകും

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്കൂളുകള്‍ ഇല്ലാതായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നു. മേപ്പാടി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് പുനഃപ്രവേശനോത്സവം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പുനഃപ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. വയനാട് ജില്ലയില്‍ നിന്നുള്ള മന്ത്രി ഒ.ആര് കേളു അദ്ധ്യക്ഷനാകും.
അതേസമയം ജൂലായ് 31ന് പുലര്‍ച്ചെയാണ് നാടിനെയാകെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. കുട്ടികള്‍ക്ക് അവരുടെ സ്കൂളും സഹപാഠികളും ബന്ധുക്കളുമെല്ലാം ദുരന്തത്തില്‍ നഷ്ടമായി. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ളാസ് തുടങ്ങുന്നത്.
വെള്ളാര്‍മല ഗവ.സ്കൂള്‍, മുണ്ടക്കൈ ജി.എല്‍.പി സ്കൂള്‍ എന്നിവ ദുരന്തത്തില്‍ ഇല്ലാതെയായി. വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി ഹയര്‍സെക്കന്ററി സ്കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ റൂമിലും ക്ളാസ് നടക്കും.
വെള്ളാര്‍മല സ്കൂളിലെ 546 കുട്ടികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി എസിലെ 61 കുട്ടികള്‍ക്കുമാണ് മറ്റ് രണ്ട് സ്കൂളുകളില്‍ പഠനം സജ്ജമാക്കിയിട്ടുളളത്.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകണത്തോടെയായിരുന്നു പുത്തുമലയിലെ പുനരധിവാസം. മേപ്പാടി ടൗണിന് സമീപം പൂത്തകൊല്ലിയിലെ അഞ്ചേക്കറിലാണ് 56 കുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്. ചെറിയ പരാതികളുണ്ടെങ്കിലും എല്ലാവരെയും ഒരിടത്ത് പുനരധിവസിപ്പിച്ചത് ദുരന്തബാധിതര്‍ക്ക് ഏറെ ആശ്വാസമാകുന്നു.
https://www.facebook.com/Malayalivartha
























