പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ എസ് എഎസ് ഏജന്റ് സി.കെ. മുരളീധരന്‍ നായര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,000/ രൂപ പിഴയും നാഷണല്‍ സേവിംഗ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 6 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട കോന്നി പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ ഒന്നാം പ്രതി എസ് എഎസ് (സ്റ്റാന്റഡൈസ്ഡ് ഏജന്റ് സിസ്റ്റം) ഏജന്റ് സി.കെ. മുരളീധരന്‍ നായര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,000/ രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ നാഷണല്‍ സേവിംഗ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ആറു വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചത്.
പത്തനംതിട്ട കോന്നി പോസ്റ്റ് ഓഫീസില്‍ 2005-06 കാലഘട്ടത്തില്‍ എസ് എ എസ് ഏജന്റായി പ്രവര്‍ത്തിച്ചു വന്ന സി. കെ. മുരളീധരന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ നാഷണല്‍ സേവിങ് എം സി ശാന്തകുമാരി അമ്മ എന്നിവര്‍ ചേര്‍ന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് സര്‍ക്കാരില്‍ നിന്നും 9, 400/ രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
കേസിലെ ഒന്നാം പ്രതിയായ സി കെ മുരളീധരന്‍ നായരെ അഴിമതി നിരോധന നിയമത്തിലെ വ 13(1)(സി) , 13(1)(ഡി) വകുപ്പുകള്‍ പ്രകാരം ഓരോ വര്‍ഷം വീതം രണ്ടു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120( ബി), 471 , 468, 420 പ്രകാരം ഓരോ വര്‍ഷം വീതം മൂന്നുവര്‍ഷവും 15,000 രൂപ പിഴയും ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ കഠിനതടവും 25, 000/ രൂപ പിഴയും, രണ്ടാം പ്രതിയായ എം സി ശാന്തകുമാരിക്ക് 13(1)(സി) , 13(1)(ഡി) പ്രകാരം ഓരോ വര്‍ഷം വീതം രണ്ടു വര്‍ഷത്തെ കഠിനതടവും 10,000/ രൂപ പിഴയും, 120(ബി), 471 , 468, 409, 420 പ്രകാരം ഓരോ വര്‍ഷം വീതം നാലു വര്‍ഷത്തെ കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ഉള്‍പ്പെടെ ആറു വര്‍ഷത്തെ കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ആണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി. ഡിവൈഎസ്പി മാരായിരുന്ന പിഡി രാധാകൃഷ്ണപിള്ള, സജി എന്നിവര്‍ ചേര്‍ന്ന് അന്വേഷണം നടത്തിയ കേസില്‍ ഡിവൈഎസ്പി റെജി എബ്രഹാം ആണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























