ഭരിക്കുന്ന പാർട്ടിയെ നോക്കിയല്ല നയങ്ങളിലെ തൊഴിലാളി വിരുദ്ധതയാണ് എതിർക്കപ്പെടേണ്ടത് :എം.പി. രാജീവൻ.

ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങളെ എതിർക്കുന്നതിനു പകരം കേന്ദ്ര ഭരണത്തോടുള്ള വിരോധം മൂലം ലേബർ കോഡിനെ തന്നെ എതിർക്കുന്ന നയമാണ് ഇടതു വലതു തൊഴിലാളി സംഘടനകളുടേതെന്ന് ബി എം എസ് ദക്ഷിണക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി.രാജീവൻ ആരോപിച്ചു.
കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ ബോഡി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലേബർ കോഡുകളിൽ വേജസ് കോഡിലേയും സോഷ്യൽ സെക്യൂരിറ്റി കോഡിലേയും നിർദ്ദേശങ്ങൾ പൂർണ്ണമായും ബി എം എസ് അംഗീകരിക്കുമ്പോൾ മറ്റ് രണ്ട് കോഡുകളിലെ തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങളെ സംഘടന ശക്തമായിഎതിർക്കുകയും അതിനെതിരെ ദേശവ്യാപകമായി പ്രതിഷേധങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുകയാണ്.
എന്നാൽ ഇത്തരം തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ കോഡു പ്രാബല്യത്തിൽ വരുന്നതിനു മുമ്പേ നടപ്പാക്കുന്ന കേരളത്തിലെ ഇടതുഭരണകൂടത്തിൻ്റെ ഭാഗമായ തൊഴിലാളി സംഘടനകൾക്ക് ലേബർ കോഡിനെതിരെതിരെ പ്രതിഷേധിക്കാൻ ധാർമ്മികമായി എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
12 മണിക്കൂർ ഡ്യൂട്ടിയുൾപ്പടെയുള്ള അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ നയങ്ങൾ കെ എസ് ആർ ടി സിയിൽ നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരു പ്രതിഷേധ പോസ്റ്റർ പതിക്കാൻ പോലും തയ്യാറാവാത്തവരാണ് ഇടതു സംഘടനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഉത്സവാവസരങ്ങൾ എല്ലാം തന്നെ കെ എസ് ആർ ടി സിയിൽ സമര കാലഘട്ടമാണെന്നും ഈ ഓണക്കാലത്തും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പതിവു സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ സംഘടന ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻ്റ് ജി.കെ.അജിത്ത് മുന്നറിയിപ്പു നൽകി.
സംസ്ഥാന ജീവനക്കാർക്കു തുല്യമായ ഡി എ അനുവദിക്കുക ഡ്രൈവർമാരുടെ അലവൻസ് കുടിശ്ശിക തീർക്കുക,ശമ്പള പരിഷ്കരണം അംഗീകരിച്ച് ജി.ഒ. ഇറക്കുക, എൻ.പി.എസ് ഉൾപ്പടെ ജീവനക്കാരിൽ നിന്നും ഇടാക്കിയ തുക പൂർണ്ണമായും അതത് സ്ഥാപനങ്ങളിൽ അടക്കുക, താൽക്കാലി നിയമനങ്ങൾ ഒഴിവാക്കി അവശത മൂലം കാറ്റഗറി ചേഞ്ച് ആവശ്യപ്പെടുന്ന ജീവനക്കാരെ ലൈറ്റ് ഡ്യൂട്ടിയിൽ നിയമിക്കുകയും പരിചയ സമ്പന്നരായ കെ എസ് ആർ ടി സി ഡ്രൈവർമാരെ തന്നെ ഡ്രൈവർ ട്രൈനേഴ്സായി പരിഗണിക്കുകയും ചെയ്യുക,
ഇതരവിഭാഗങ്ങൾക്കനുവദിക്കുന്നതു പോലെ മെക്കാനിക്കൽ വിഭാഗത്തിനും സറണ്ടർ അനുവദിക്കുക, സർക്കാർ ഡിപ്പാർട്ട്മെൻറാക്കി പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടു വെച്ച ജനറൽ ബോഡിയിൽ ബി എം എസ് ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ്, എംപ്ലോയീസ് സംഘ് വർക്കിംഗ് പ്രസിഡൻ്റ് സി.ഹരീഷ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ട്രഷറർ ആർ.എൽ ബിജുകുമാർ സംസ്ഥാന സെക്രട്ടറിമാരായ പി.കെ.ബൈജു, സി. സതികുമാർ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha
























