പ്രതിഷേധ കടലായി കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
എംഎൽഎ ഹോസ്റ്റലിന് മുന്നിലെ ആശാൻസ്ക്വയറിൽ നിന്നും രാവിലെ 11.30ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, വി.കെ.അറിവഴകൻ, മൻസൂർ അലിഖാൻ, കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി അംഗങ്ങൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലംവരെയുള്ള മുഴുവൻ നേതാക്കളും പ്രവർത്തകരും പ്രതിഷേധമാർച്ചിൽ അണിനിരന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പൊതുസമ്മേനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വിഡി സതീശൻ,യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവർ പ്രസംഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു സ്വാഗതവും ഡിസിസി പ്രസിഡന്റ് പാലോട് രവി നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha
























