എൽഡിഎഫ് സർക്കാരിന്റെ അഴിമതി ഭരണത്തിന് അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞു: ദീപദാസ് മുൻഷി

അഴിമതിയിൽ മുങ്ങിക്കുളിച്ച എൽഡിഎഫ് സർക്കാരിന്റെ അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞെന്നും അതിനുള്ള തുടക്കമാണ് സെക്രട്ടറിയേറ്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു ദീപദാസ് മുൻഷി.
അപകടകരമായ അവസ്ഥയിലൂടെയാണ് ഇടതുഭരണത്തിൽ കേരളം കടന്ന് പോകുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം പെരുകി. എല്ലാത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇപ്പോഴും അതേ നില തുടരുകയാണ്. ഹിന്ദി സിനിമകളിലെ വില്ലനെപ്പോലെയാണ് എഡിജിപി അജിത് കുമാർ.
ഈ ഉദ്യോഗസ്ഥൻ നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തികൾക്കും മുഖ്യമന്ത്രി പൂർണ്ണ സംരക്ഷണം ഒരുക്കുന്നു. ഭരണതലത്തിൽ നടക്കുന്ന അഴിമതികളെയും ക്രിമിനൽ പ്രവർത്തനങ്ങളെയും പരസ്യമായി ഭരണകക്ഷി എംഎൽഎ തന്നെ ചോദ്യം ചെയ്യുന്ന ഗതിക്കെട്ട അവസ്ഥ.പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കാനുള്ള സമരമുഖത്താണ് യുഡിഎഫ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ പോരാട്ടം ഫലം കാണും. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ യുഡിഎഫിന് മാത്രമെ സാധിക്കൂയെന്ന് ജനം വിശ്വസിക്കുന്നുയെന്നും ദീപദാസ് മുൻഷി പറഞ്ഞു.
https://www.facebook.com/Malayalivartha
























