വീണ്ടും ചര്‍ച്ചയാകുന്നു... മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്

അങ്ങനെ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയ്ക്കെതിരെ മറ്റൊരു കേസ് കൂടി. മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആണ് പരാതി നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകര്‍ത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെ കിരാതം എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചിരുന്നു. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇത് മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നല്‍കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
വാവര് പള്ളിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെയാണ് മറ്റൊരു പരാതി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ പോന്നതാണെന്നാണ് പരാതിയിലുള്ളത്.
അതേസമയം മഹാരാഷ്ട്രയില്‍ സുരേഷ് ഗോപി കത്തിക്കയറി. ബാല്‍ താക്കറെയുടെ പിന്തുടര്ച്ചക്കാര് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബലികഴിച്ചെന്നും ബാല്‍ താക്കറെ നിലകൊണ്ടതിന് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മഹായുതി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ കോണ്‍ഗ്രസുകാരും മാര്‍ക്സിസ്റ്റുകാരും വോട്ടുചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മുംബൈയിലും പരിസരപ്രദേശങ്ങളിലുമായി എട്ടുയോഗങ്ങളിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. ഞായറാഴ്ച മീരാ ഭയിന്തര്‍ സ്ഥാനാര്‍ഥി നരേന്ദ്രമേത്തയുടെ പ്രചാരണപരിപാടിയോടെയായിരുന്നു തുടക്കം.
നരേന്ദ്രമേത്ത, ഉത്തംകുമാര്‍, സന്തോഷ് നടരാജന്, ശ്രീരാജ് നായര്‍, മധു നായര്‍, സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വസായ് അമ്പാടി റോഡിലുള്ള ബി.ജെ.പി. കാര്യാലയത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സ്നേഹ ദുബെയുടെ പ്രചാരണപരിപാടിയിലും പങ്കെടുത്തു. താന വര്‍ത്തക് നഗറിലുള്ള ബി.ജെ.പി. മുഖ്യകാര്യാലയത്തില്‍ സ്ഥാനാര്‍ഥി സഞ്ജയ് കേല്‍ക്കറുടെ പ്രചാരണയോഗത്തില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ വിവിധ മലയാളിസംഘടനാ പ്രതിനിധികള്‍ ആദരിച്ചു. തുടര്‍ന്ന്, ഡോംബിവിലിയിലെ സ്ഥാനാര്‍ഥി രവീന്ദ്ര ചവാന്റെ പ്രചാരണപരിപാടിയില്‍ വന്‍ മലയാളിസമൂഹത്തെ അദ്ദേഹം അഭിസംബോധനചെയ്തു.
മോഹന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കല്യാണിലെ പ്രചാരണപരിപാടിക്കുശേഷം ഏഴുമണിയോടെ നെരൂളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി മന്ദാമാത്രെയുടെ പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുത്തു. ദാമോദരന്‍പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ പരിപാടി. രാത്രി എട്ടിന് പന്‍വേല്‍ സ്ഥാനാര്‍ഥി പ്രശാന്ത് താക്കൂറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മലയാളികളുടെ വന്‍ പൊതുയോഗത്തില്‍ സുരേഷ് ഗോപി സംസാരിച്ചു.
രമേശ് കലംബൊലിയായിരുന്നു കോഡിനേറ്റര്‍. തിങ്കളാഴ്ച രാവിലെ മലാഡ് സ്ഥാനാര്‍ഥി വിനോദ് ഷേലാറുടെ പ്രചാരണപരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുത്തു. അഭിജിത് റാണെ, മുരളി പണിക്കര്‍ എന്നിവര്‍ നേതൃത്വംനല്കി.
"
https://www.facebook.com/Malayalivartha
























