ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന ചക്കക്കൊമ്പന് മിഷന് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. ആദ്യ ഡോസ് മയക്കുവെടിവച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം ഉപേക്ഷിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല.
ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പിന്നാലെ അല്പദൂരം ഓടിയ ആന പിന്നീട് നിന്നു. എന്നാല്‍ മയങ്ങാതായതോടെ രണ്ടാമത്തെ വെടിവച്ചെങ്കിലും കൊണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതുകൂടി കണക്കിലെടുത്താണ് ദൗത്യം അവസാനിപ്പിച്ചത്. ആനയെ ഇന്ന് പൂര്‍ണമായി നിരീക്ഷിക്കും. പുലര്‍ച്ചെ നാലോടെ ദൗത്യം വീണ്ടും ആരംഭിക്കും.
ചക്കക്കൊമ്പനെ പിടികൂടുന്നതിന് വേണ്ടി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടില്‍ നിന്ന് ചിന്നക്കനാലില്‍ എത്തിയത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് തീരുമാനം. ഇന്ന് രാവിലെ 80 ഏക്കര്‍ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടത്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1,2,9,10,11,12 വാര്‍ഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മൂന്നുദിവസം വിനോദസഞ്ചാരത്തിനും പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിനും നിരോധനമുണ്ട്.
https://www.facebook.com/Malayalivartha

























