നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് പാലക്കാട്ടും ചേക്കരയിലും കാണുന്നത്. പാലക്കാട്ടെ ത്രികോണ പോരാട്ടത്തില്‍ ജയം ആര്‍ക്കെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. ജയം ഉറപ്പിച്ച് യുഡിഎഫ് മുന്നോട്ട് പോവുമ്പോള്‍ സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് എല്‍ഡിഎഫ്. അതേസമയം, നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒന്‍പതുമണിയോടെ ആദ്യഫല സൂചനകള്‍ പുറത്തുവരും.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം, ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പോളിംഗ് ഉയര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ച സാഹചര്യമാണുള്ളത്.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മറുവശത്ത്, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പില്‍ ചങ്കിടിപ്പുയരാന്‍ കാരണം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പില്‍ വിജയപ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കള്‍ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
എന്നാല്‍ യുഡിഎഫില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നാലായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. 2021 ല്‍ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ ജയിച്ചത്. അന്ന് സിപിഎമ്മില്‍ നിന്ന് വലിയ തോതില്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയില്‍ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാടന്‍ കാറ്റ് ആര്‍ക്ക് അനുകൂലമെന്ന് 23 ന് അറിയാം.
സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. ഏറെക്കാലമായി എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. കുറഞ്ഞത് 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ അവകാശവാദം.
എല്‍ഡിഎഫ് മുന്‍ എംഎല്‍എ യു പ്രദീപിനെ നിര്‍ത്തിയാണ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിച്ചത്. മണ്ഡലത്തില്‍ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകള്‍ പിന്നീടെണ്ണും. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് ഇവിടം. വരവൂരില്‍ 2000 വും മൂന്ന് പഞ്ചായത്തുകളിലുമായി 10000 വോട്ടിന്റെയും ലീഡ് എല്‍ഡിഎഫിന് കിട്ടേണ്ടതുണ്ട്. ഈ ലീഡ് ലഭിച്ചില്ലെങ്കില്‍ അത് മണ്ഡലത്തിലെ ജനം കളംമാറ്റുന്നുവെന്നതിന്റെ സൂചനയായി മാറും. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും മണ്ഡലത്തില്‍ ഉറച്ച ജയപ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha
























