അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി

പാലക്കാടന്‍ മണ്ണ് ബിജെപിയ്ക്ക് ഏറെ അനുകൂലമായിരുന്നു. എന്നിട്ടും തോറ്റുപോയി. ഭരിക്കുന്ന പാര്‍ട്ടിയെ മൂന്നാം സ്ഥാനത്ത് നിര്‍ത്താനായത് നേട്ടമായി. ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്.
തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ കലാപക്കൊടി. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഇനി ശക്തമാകും.''തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്'' എന്നായിരുന്നു രണ്ട് ദിവസം മുമ്പുള്ള കെ സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ്. പക്ഷെ സംസ്ഥാനത്തെ ബിജെപിയുടെ ഗോള്‍ഡന്‍ എ പ്ലസ് സീറ്റില്‍ സുരേന്ദ്രന്റെ എല്ലാ കണക്കുകളും പൊളിഞ്ഞു.
സ്വന്തം നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രന്‍ ഒറ്റക്കെന്നാണ് എതിര്‍ചേരിയുടെ വിമര്‍ശനം. പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാന്‍ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രന്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. താനാവശ്യപ്പെട്ട ശോഭയെ നിര്‍ത്താതിനാല്‍ സുരേഷ് ഗോപിയും സജീവമായില്ല. ഇടതിനെ കടന്നാക്രമിക്കാതെ യുഡിഎഫിനെ മുഖ്യശത്രുവാക്കിയുള്ള തന്ത്രം പാളിയെന്ന് മാത്രമല്ല, ഡീല്‍ ആക്ഷേപത്തിന് അത് യുഡിഎഫിന് ഇന്ധനവുമേകി.
സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്. പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി. ശോഭാ സുരേന്ദ്രന്‍ തന്ത്രപരമായ മൗനത്തിലാണ്. അധ്യക്ഷ പദവിയില്‍ ഊഴം പൂര്‍ത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഇനി കൂടുതല്‍ ശക്തമാകും. ശോഭ അടക്കം അമര്‍ഷമുള്ള നേതാകകള്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കാനും സാധ്യതയേറെയാണ്. തൃശൂര്‍ വഴി കേരളം പിടിക്കാമെന്ന് കരുതിയ കേന്ദ്ര നേതൃത്വത്തിനും പാലക്കാട്ടെ തോല്‍വി ഉണ്ടാക്കുന്നത് ഞെട്ടല്‍. സംസ്ഥാന അധ്യക്ഷനിലുള്ള വിശ്വാസവും ദില്ലിക്കും പോകുന്ന സ്ഥിതിയാണ്.
അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 2021ന് അപേക്ഷിച്ച് 723 വോട്ടുകള്‍ കൂടുതല്‍ നേടാനായി എന്ന ആശ്വാസം മാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. മന്ത്രി എം ബി രാജേഷും എ എ റഹീമും അടക്കമുള്ള നേതൃത്വം മെനഞ്ഞ തന്ത്രങ്ങള്‍ പൊട്ടിപ്പാളീസായി. രാഹുല്‍ മാങ്കൂട്ടത്തിലിന് മാത്രമല്ല ഷാഫി പറമ്പിലിന് കൂടി തിരിച്ചടി നല്‍കുക എന്ന സിപിഎം തന്ത്രമാണ് ഫലം വന്നതോടെ പാളിയത്. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ഇത്തവണയും മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാനായില്ല. ഇത്തവണയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒരു പഴയകാല സ്റ്റണ്ട് പടത്തെ ഓര്‍മിപ്പിക്കുന്ന തിരക്കഥയായിരുന്നു ഈ പാലക്കാടന്‍ ഉപതെരഞ്ഞെടുപ്പ് കാലം. തെരഞ്ഞെടുപ്പ് അടുത്തിട്ടും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയാണ് കോണ്‍ഗ്രസില്‍ നിന്ന് നിരാശനായി എത്തിയ പി സരിന്‍ വാതിലില്‍ മുട്ടിയത്. സീറ്റ് മോഹിച്ചു വന്ന ആള്‍ എന്ന പ്രചാരണം തുടക്കം മുതല്‍ സരിനെതിരെ ഉണ്ടായി. എന്നാല്‍, സരിന്‍ നിഷ്പക്ഷ വോട്ടുകള്‍ കൊണ്ടുവരുമെന്ന് കണക്കുകൂട്ടലുകള്‍ പാളി.
പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂടി കണക്കുകൂട്ടുമ്പോള്‍ നിസാരമായ വോട്ട് വര്‍ധന മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. പിന്നീട് കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ഒട്ടേറെ പേരെ മറുകണ്ടം ചാടിച്ച് സരിന്‍ സ്വന്തം പാളയത്തില്‍ എത്തിച്ചു. എന്നാല്‍, അതും വോട്ടായില്ല. നീലപ്പെട്ടി, പാതിരാ റെഡ് എന്നിങ്ങനെ പലവിധ നാടകങ്ങളും ഇതിനിടെ അരങ്ങേറി. കൃഷ്ണദാസിനെ പോലുള്ള നേതാക്കള്‍ ആ നാടകത്തെ തള്ളിപ്പറഞ്ഞത് സ്വന്തം പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഏറ്റവും ഒടുവില്‍ സന്ദീപ് വാര്യരുടെ വരവു മുന്‍നിര്‍ത്തി രണ്ടു മുസ്ലിം പത്രങ്ങളില്‍ പരസ്യം നല്‍കി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതും പാഴായി. ചുരുക്കത്തില്‍ എല്ലാ അടവുകളും പാളി.
രണ്ടാം സ്ഥാനത്ത് എങ്കിലും എത്തുക എന്നുള്ള മോഹം നടന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ എല്ലാ ആശിര്‍വാദത്തോടെയും കൂടി മന്ത്രി എം ബി രാജേഷ് ആണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. രാജേഷിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ഏറ്റ പരാജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
https://www.facebook.com/Malayalivartha
























