പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവ്, പുത്തന്‍പാലം രാജേഷിന്റെ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്

ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡിസംബര്‍ 2 നാണ് റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി പുത്തന്‍പാലം രാജേഷിന്റെ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ഗുണ്ട പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ അഞ്ചുപേരെയും ആശുപത്രിയില്‍ ഐ പി ആയി കിടത്തി ചികിത്സിച്ചിരുന്നു.
ചെറുവയ്ക്കല്‍ സ്വദേശി സന്തോഷ് കുമാര്‍ (48), രാജേഷ്, സുമേഷ്, സായി പ്രദീപ്, ഉണ്ണിക്കൃഷ്ണന് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട പുത്തന്‍പാലം രാജേഷ്, സഹായി മനു, കണ്ടാല്‍ തിരിച്ചറിയാവുന്ന മറ്റു നാലു പേര് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു കേസ്.
2023 ഡിസംബര്‍ 26 ന് വൈകിട്ട് നാലരയോടെ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിക്കകമായ പ്രശാന്ത് നഗറിലാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ രാജേഷും സംഘവും ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയുള്ള വാള്, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും അടിച്ചും മാരകമായി പരുക്കേല്‍പിച്ചെന്നാണു കേസ്.
പുത്തന്‍പാലം രാജേഷ് അടക്കമുള്ള ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























