ഫിന്‍ജാല്‍ വിറപ്പിച്ചു ; തമിഴ്‌നാട് വെള്ളത്തില്‍, ചെന്നൈ വിമാനത്താവളം അടച്ചു

ഫിന്‍ജാല്‍ ചുഴലിക്കാറ്റായി കരതൊട്ടതോടെ തമിഴ്‌നാട്ടില്‍ ഉഗ്രരൂപമെടുത്ത് മഴ. ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട ഫിന്‍ജാല്‍ മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ചെന്നൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ടാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ് മെസ്സേജ് നല്‍കി.
കാറ്റിന്റെ വേഗത വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വര്‍ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ ചൈന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ നാല് മണിവരെ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. ചെന്നൈയില്‍ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതില്‍ത്തന്നെ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. മണ്ണിടിച്ചലിനടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ചുഴലിക്കാറ്റിനേയും പേമാരിയേയും നേരിടാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര്‍ കഴിയുന്നുണ്ട്. ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്. ശനിയാഴ്ച ചുഴലിക്കാറ്റും മഴയുമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ 806 ബോട്ടുകള്‍, മണ്ണിടിച്ചലുണ്ടായാല്‍ മണ്ണ് നീക്കംചെയ്യാന്‍ 1193 ജെ.സി.ബി.കള്‍, വൈദ്യുത വിതരണത്തിനായി 977 ജനറേറ്ററുകള്‍ എന്നിവ വിവിധജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























