കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

വീണ്ടും തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്‌നാട്ടിലടക്കം അതീവ ജാഗ്രത. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയിലാണ്. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചത് ദുരന്തത്തിന്റെ തീവ്രതയേറ്റി. കരയിലേക്ക് അടുക്കുന്നതിനാല്‍ രാത്രി മഹാബലിപുരത്തിനും പുതുച്ചേരിക്കും ഇടയില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വലിയ നാശ നഷ്ടം ഉണ്ടാക്കിയെക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം.
മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വരെ അടച്ചു. പല ട്രെയിനുകളും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും പല റൂട്ടുകളിലും നിര്‍ത്തി. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഏത് സ്ഥിതിയും നേരിടാന്‍ സജ്ജമാണെന്ന് തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയത്. തീരദേശ ആന്ധ്രയിലും രായല്‍സീമയിലും മഴ കനക്കും. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കറ്റിനെ തുടര്‍ന്നുള്ള മഴയില്‍ ശ്രീലങ്കയില്‍ മരണം 19 ആയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട ഫെഞ്ചലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാറ്റിന്റെ വേഗത വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വര്‍ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ ചൈന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ നാല് മണിവരെ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. ചെന്നൈയില്‍ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതില്‍ത്തന്നെ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. മണ്ണിടിച്ചലിനടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര്‍ കഴിയുന്നുണ്ട്. ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്. ശനിയാഴ്ച ചുഴലിക്കാറ്റും മഴയുമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ 806 ബോട്ടുകള്‍, മണ്ണിടിച്ചലുണ്ടായാല്‍ മണ്ണ് നീക്കംചെയ്യാന്‍ 1193 ജെ.സി.ബി.കള്‍, വൈദ്യുത വിതരണത്തിനായി 977 ജനറേറ്ററുകള്‍ എന്നിവ വിവിധജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.
കാറ്റില്‍ കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനായുള്ള 1786 യന്ത്രങ്ങളുമുണ്ടാകും. വെള്ളക്കെട്ടുണ്ടായാല്‍ പമ്പുചെയ്ത് നീക്കാനായി 2439 മോട്ടോര്‍ സെറ്റുകളുമുണ്ടാകും. 24 മണിക്കൂറും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനുള്ള എല്ലാനടപടികളും സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി കര തൊട്ടതോടെ മഴയും കനത്തു. തമിഴ്‌നാട്ടിലാണ് വീശിയടിക്കുന്നതെങ്കിലും കേരളത്തിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























