സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്

സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്. ഞായറാഴ്ചയായിട്ടും ഇന്നും തീര്‍ഥാടകരുടെ തിരക്ക് കുറവാണ്. സന്നിധാനത്ത് പുലര്‍ച്ചെ 3ന് നട തുറന്നപ്പോള്‍ വലിയ നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ഥാടകരായിരുന്നു.
അഞ്ച് മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി. പിന്നെ മല കയറി വരുന്നവര്‍ കാത്തുനില്‍പില്ലാതെ പടി കയറി ദര്‍ശനം നടത്തുകയാണ്.
ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റല്‍ മഴ ഇന്ന് പുലര്‍ച്ചെയോടെ ശക്തിപ്രാപിച്ചു. ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയില്‍നിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീര്‍ഥാടകരെ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.
നീലിമല പാതയില്‍ 18 നടപ്പന്തലുകള്‍ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതല്‍ ശരംകുത്തി വഴി ക്യൂ കോംപ്ലക്‌സും ഉള്ളതിനാല്‍ മഴ നനയാതെ കയറി നില്‍ക്കാം. എന്നാല്‍ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നവര്‍ക്ക് പമ്പയില്‍ എത്തി വാഹനത്തില്‍ കയറുന്നതുവരെ മഴ നനയണം. മടക്ക യാത്രക്ക് തീര്‍ഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദന്‍ റോഡ്, സ്വാമി അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ മഴ നനയാതെ കയറി നില്‍ക്കാന്‍ സംവിധാനമില്ല.
മഴ പെയ്ത് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























