6 കോടിയുടെ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്പ് തട്ടിപ്പ്... 12 പ്രതികള്‍ അറസ്റ്റിലായത് 5 പ്രതികള്‍ മാത്രം, രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല

വ്യാജ ഓഹരിക്കച്ചവട ആപ്പുകളിലൂടെ 12 പ്രതികള്‍ ചേര്‍ന്ന് 6 കോടി തട്ടിയെടുത്ത കേസില്‍ 2 പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. നവംബര്‍ 10 മുതല്‍ റിമാന്റില്‍ കഴിയുന്ന പത്താം പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി എന്ന സോനു , പതിനൊന്നാം പ്രതി സല്‍മാനുല്‍ ഫാരിസ് എന്ന സല്‍മാന്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് തള്ളിയത്.
പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്. കൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
12 പ്രതികളുള്ള സൈബര്‍ തട്ടിപ്പ് കേസില്‍ 8 മുതല്‍ 12 വരെ പ്രതികളായ അടൂര്‍ സ്വദേശി രാഹുല്‍ എം.നായര്‍ (25), കൊല്ലം നല്ലില സ്വദേശി അനു ബാബു , ആഷിഖ് അലി , സല്‍മാനുള്‍ ഫാരിസ് , കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷാഫി എന്നിവരെ മാത്രമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടം സ്വദേശിയായ 63 കാരനില്‍ നിന്നാണ് ഒരു മാസത്തിനിടെ പ്രതികള്‍ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഓഹരിക്കച്ചവടം നടത്തുന്ന 63 കാരനെ സമൂഹമാദ്ധ്യമത്തിലൂടെ പിന്തുടര്‍ന്ന് സെരോദ, ബജാജ് കോണ്‍ടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്.
പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 20 ശതമാനം തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ സംശയംതോന്നി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുപയോഗിച്ച വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ രേഖകള്‍, എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha
























