വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നു കൂട്ടു പ്രതികള്‍ക്ക് ജാമ്യമില്ല, ക്വട്ടേഷന്‍ നല്‍കിയ മുഖ്യ പ്രതി ആന്റണിക്ക് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു

വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നു കൂട്ടു പ്രതികള്‍ക്ക് ജാമ്യമില്ല. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുണ്ടേല കൊക്കോതമംഗലം മേലേവിള വീട്ടില്‍ രഞ്ജിത്ത് (34), തുമ്പോട് ഒഴുക്കുപാറ എസ്.ജി.ഭവനില്‍ സാം (29), മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടില്‍ സുബിന്‍ (32) എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് നിരസിച്ചത്.
പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്. കൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് ഹര്‍ജി പരിഗണിച്ചത്. ക്വട്ടേഷന്‍ നല്‍കിയ മുഖ്യ പ്രതി ആന്റണിക്ക് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. നവംബര്‍ 11 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി മനോജ് എന്ന ആന്റണിയുടെ ജാമ്യ ഹര്‍ജിയാണ് നവംബര്‍ 28 ന് തള്ളിയത്. നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍ നല്‍കി പെരുമ്പഴുതൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.
നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂര്‍ വണ്ടന്നൂര്‍ പാരഡൈസില്‍ വിനോദ് കുമാര്‍ (43), കാരക്കോണം കുന്നത്തുകാല്‍ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനില്‍ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ കോടതി നവംബര്‍ 11 ന് റിമാന്റ് ചെയ്തിരുന്നു.
പെരുമ്പഴുതൂരില്‍ പലവ്യഞ്ജന കട നടത്തുന്ന കരിപ്രക്കോണം സ്വദേശി രാജനെ (60) ആണ് ഇവര്‍ കൊല്ലാന്‍ ശ്രമിച്ചത്. ഒക്ടോബര്‍ 28 ന് രാത്രി 11.30 ന് വിഷ്ണുപുരം ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. കട അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ രാജനെ, കാറിലെത്തിയ സംഘം ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണപ്പോള്‍ വാളിനു വെട്ടിയും കമ്പി ഉപയോഗിച്ചു തലയ്ക്ക് അടിച്ചും ഗുരുതരമായി പരുക്കേല്‍പിച്ചു. മരിച്ചുവെന്ന് കരുതിയാണ് സംഘം പിന്‍മാറിയത്. ആക്രമണത്തിന് വിധേയനായെങ്കിലും രാജന്റെ പക്കല്‍ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ മോഷണ ശ്രമം അല്ല പിന്നിലെന്ന് തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷന്‍ സംഘത്തിലെ 3 പേരെ പിടികൂടിയത്. പിന്നാലെ ക്വട്ടേഷന്‍ നല്‍കിയവരും വലയിലായി.
രാജന്റെ കടയുടെ സമീപം മറ്റൊരു കട നടത്തുന്നയാളാണ് ഒന്നാം പ്രതി വിനോദ്. ഇയാളുടെ സ്ത്രീ സുഹൃത്തിനെ രാജന്‍ അപമാനിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായത്. 20,000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് നേരിട്ട് വിനോദിനെ പരിചയമില്ലായിരുന്നു. ഇതാണ് ഒന്നാം പ്രതിയെ പിടികൂടുന്നത് വൈകാന്‍ കാരണം. പിന്നീട് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജിയുടെയും സിഐ: എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയവുമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ: എസ്.വി.ആശിഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.അരുണ്‍ കുമാര്‍, ബിനോയ് ജസ്റ്റിന്‍, ആര്‍.ജെ.ലെനിന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികള്‍ വിനോദ് കുമാര്‍, മനോജ് എന്നു വിളിക്കുന്ന ആന്റണി എന്നിവര്‍.
"
https://www.facebook.com/Malayalivartha
























