അതൊന്നും സംഭവിക്കരുതേ... മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്; ജി സുധാകരനെ വേണുഗോപാലും ഗോപാലകൃഷ്ണതും കണ്ടത് വിവാദത്തില്‍

വീണ്ടും സിപിഎമ്മില്‍ തിരിച്ചടി. സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും.
ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നല്‍കും.
ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കി. മധുവിനെതിരായ പാര്‍ട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം.
സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന ഏരിയാ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. മൂന്നാം ഊഴം നല്‍കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തില്‍ നിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയത്.
അതേസമയം ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി.സുധാകരന്‍. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ല. തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ഞങ്ങള്‍ സംസാരിച്ചു. എല്ലാം സുധാകരന്‍ മൗനമായി കേട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ തളിപ്പറമ്പില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തിലാണ് സുധാകരനെ കണ്ടെന്ന് ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. ഇന്നലെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ സുധാകരനെ വീട്ടിലെത്തി കണ്ടത് ചര്‍ച്ചയായതിനു പിന്നാലെ ആയിരുന്നു ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
അതേസമയം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മില്‍ പ്രതിസന്ധി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു മുല്ലശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























