നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...
![](https://www.malayalivartha.com/assets/coverphotos/w657/322960_1733290508.jpg)
വിവാദങ്ങൾക്കിടയിൽ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൈക്കൂലി ഇടപാട് സംബന്ധിച്ച് വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും.പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം.
സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയിരുന്നത്. ഇതു സംബന്ധിച്ചു കണ്ണൂരിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പ്രശാന്തിന്റെ ആരോപണത്തിൽ പറയുന്ന സാഹചര്യങ്ങളും ഫോൺ രേഖകളും വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവായ ടി.ഒ.മോഹനനും വിജിലൻസിനു പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കെ.നവീൻ ബാബുവിന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ കലക്ടർ അരുൺ കെ.വിജയനോടും പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്തിനോടും വിശദീകരണം തേടി കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നോട്ടിസ് അയച്ചു. കേസ് 10ന് വീണ്ടും പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, മുഖ്യസാക്ഷിയായ കലക്ടർ,
ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നിർദേശം നൽകണമെന്നായിരുന്നു മഞ്ജുഷയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha