ആന്റി ക്ലൈമാക്‌സ്... കാത്ത് കാത്തിരുന്ന പുഷ്പ 2 റിലീസിനിടെ ദാരുണ സംഭവം; അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു

ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമാകുന്ന മറ്റൊരു സിനിമയാണ് പുഷ്പ 2. സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമയാണ് പുഷ്പ 2. അതിന് തെളിവാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ്. ബാഹുബലി 2, ആര്‍ ആര്‍ ആര്‍, കെജിഎഫ്, ലിയോ, കല്‍ക്കി തുടങ്ങിയ സിനിമകളുടെ നിലവിലെ എല്ലാ പ്രീ സെയില്‍സ് റെക്കോര്‍ഡുകളും മറികടന്നിരിക്കുകയാണ് 'പുഷ്പ2'. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രീ-സെയില്‍സ് 110 കോടിയും കടന്നിരിക്കുകയാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നത്.
അതിനിടെ പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര്‍ ബോധം കെട്ട് വീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകള്‍ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തുകയായിരുന്നു.
അതിനിടെ ബെംഗളൂരുവില്‍ നാളെ രാവിലെ നാല് മണിക്ക് സിനിമ റിലീസ് ചെയ്യില്ല. എല്ലാ മെട്രോ നഗരങ്ങളിലും പുലര്‍ച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാല്‍ ബെംഗളൂരുവില്‍ പുലര്‍ച്ചെയുള്ള റിലീസിന് കര്‍ണാടക ഡിജിപി അനുമതി നിഷേധിച്ചു. എല്ലാ തിയേറ്ററുകളോടും നാളെ രാവിലെ ആറ് മണിക്ക് സിനിമ റിലീസ് ചെയ്യാന്‍ ഉത്തരവിട്ടു.
വലിയ പബ്ലിസിറ്റിയാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. കേരളത്തില്‍ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയില്‍സ് നേടിയിരുന്നു. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അര്‍ജുന് കേരളത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'പുഷ്പ 2: ദ റൂള്‍' ഇന്ന് ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളിലാണ് എത്തുന്നത്. കേരളത്തില്‍ 500 സ്‌ക്രീനുകളില്‍ ചിത്രമെത്തും. പുലര്‍ച്ചെയാണ് ചിത്രത്തിന്റെ ആദ്യ ഷോ. പുഷ്പരാജിന്റെ രണ്ടാം വരവിനായി ഏറെ ആവേശത്തിലാണ് അല്ലു ആരാധകര്‍.
'പുഷ്പ 2: ദ റൂള്‍' ഓരോ അപ്‌ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂര്‍വ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയുന്നു. പുഷ്പ വൈല്‍ഡ് ഫയറാണെന്ന മുന്നറിയിപ്പുമായാണ് ട്രെയിലര്‍ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' എന്ന പാട്ടും എത്തിയിരുന്നു. ഒടുവില്‍ 'പീലിങ്‌സ്' എന്ന മറ്റൊരു ഗാനവും സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിക്കഴിഞ്ഞിട്ടുണ്ട്.
തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസ് മാമാങ്കത്തിനാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും പദ്ധതിയിട്ടത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പുഷ്പ: ദ റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂള്‍' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂള്‍' ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha
























