ഞെട്ടലോടെ ശിവസേന... ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാനുള്ള ഉദ്ദവിന്റെ തന്ത്രം ഏറ്റില്ല; സസ്പെന്‍സിന് വിരാമം; ഏക്നാഥ് ഷിന്ദെ ഉപമുഖ്യമന്ത്രിയാകും, ഫഡ്‌നവിസ് മുഖ്യമന്ത്രി

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ഇപ്പോള്‍ ദു:ഖിക്കേണ്ടി വരുന്നു. പത്തു ദിവസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും.
ബുധനാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം ഫഡ്‌നവിസിനെ ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുത്തു. ആസാദ് മൈതാനിയില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് സത്യപ്രതിജ്ഞ. ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഏക്‌നാഥ്ഷിന്ദേ, എന്‍.സി.പി. നേതാവ് അജിത്പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേല്‍ക്കും.
സംസ്ഥാനത്തിന്റെ 21-ാമത്തെ മുഖ്യമന്ത്രിയാണ് 54-കാരനായ ഫഡ്നവിസ്. മൂന്നാംതവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. നവംബര്‍ 23-ന് തിരഞ്ഞെടുപ്പുഫലം വന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശമുന്നയിച്ച് ഏക്നാഥ്ഷിന്ദേ രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോയത്. ബി.ജെ.പി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഷിന്ദേ അയയുകയായിരുന്നു.
തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നിയമസഭാംഗങ്ങളോട് ഫഡ്‌നവിസ് നന്ദിപറഞ്ഞു. മഹായുതി സഖ്യത്തിന്റെ തകര്‍പ്പന്‍ ജയത്തിനുകാരണം പ്രധാനമന്ത്രി മോദി നല്‍കിയ 'ഏക് ഹേ തോ സേഫ് ഹേ' എന്നമന്ത്രമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയെന്നുള്ളതാണ് പ്രധാനവെല്ലുവളിയെന്നും ഫഡ്നവിസ് പറഞ്ഞു.
വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ചന്ദ്രകാന്ത്പാട്ടീലാണ് നിയമസഭാ കക്ഷിനേതാവായി ഫഡ്‌നവിസിന്റെ പേരുനിര്‍ദേശിച്ചത്. യോഗത്തിനു മുന്നോടിയായി നടന്ന സംസ്ഥാന ബി.ജെ.പി.യുടെ കോര്‍കമ്മിറ്റിയോഗം ഫഡ്‌നവിസിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നു.
നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ കണ്ടു. ഏക്‌നാഥ് ഷിന്ദേയും അജിത്പവാറും ഫഡ്നവിസിനൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളില്‍ 230 സീറ്റും നേടി മികച്ചവിജയമായിരുന്നു മഹായുതി കൈവരിച്ചത്. ബി.ജെ.പി. 132 സീറ്റുകള്‍ നേടി.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ മുന്‍ മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ഷിന്ദെ സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫഡ്നവിസിന്റെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മഹായുതി നേതാക്കള്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെ ഫഡ്നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം 5.30ന് ആയിരിക്കും സത്യപ്രതിജ്ഞ.
ഷിന്ദെ സര്‍ക്കാരില്‍ ചേരുമെന്ന പ്രതീക്ഷയും ഫഡ്നവിസ് പങ്കുവെച്ചിരുന്നു. 'ഷിന്ദെയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. മന്ത്രിസഭയില്‍ തുടരണമെന്ന് ഷിന്ദെയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പദവി ഞങ്ങള്‍ക്കിടയില്‍ സാങ്കേതിക കരാര്‍ മാത്രമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അത് അങ്ങനെ തന്നെ തുടരും.' ഫഡ്നവിസ് വ്യക്തമാക്കി.
രണ്ടര വര്‍ഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നവിസ് തന്റെ പേര് നിര്‍ദേശിച്ചുവെന്നും ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുന്നുവെന്നും ഷിന്ദേയും പ്രതികരിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഷിന്ദെ സതാരയിലെ തന്റെ ഗ്രാമത്തിലേക്കാണ് പോയത്. പനിയും തലവേദനയുമാണെന്നും അതിനാലാണ് മുംബൈയിലേക്ക് തിരിച്ചുവരാത്തതെന്നും ഷിന്ദെ വ്യക്തമാക്കിയിരുന്നു. ഇതോടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു.
ഒടുവില്‍ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്ന് 11 ദിവസങ്ങള്‍ക്കുശേഷമാണ് അനിശ്ചിതത്വം അവസാനിച്ചത്. മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായി ഫഡ്നവിസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നേരത്തെ, ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























