ഇതൊരിക്കലും പ്രതീക്ഷിച്ചില്ല... എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്‍.പ്രദീപിനും സ്പീക്കര്‍ ഉപഹാരമായി നല്‍കിയത് നീല ട്രോളി ബാഗ്

നീല ട്രോളി ബാഗ് അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. പാലക്കാട് തെരഞ്ഞെടുപ്പിലെ ട്വിസ്റ്റാണ് ആ ട്രോളി. ഇന്നലെയും നീല ട്രോളി എത്തി. ഇന്നലെ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്‍.പ്രദീപിനും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉപഹാരമായി ട്രോളിബാഗ് നല്‍കിയത് ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തി.
സ്പീക്കര്‍ നല്‍കിയ ബാഗിന്റെ നിറം നീലയായതാണ് കാരണം. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ നീല ട്രോളിബാഗ് വിവാദവുമായാണ് ഇതിനെ കൂട്ടിക്കെട്ടിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിലെത്തിയശേഷം നിയമസഭാ സെക്രട്ടേറിയറ്റിന് വേണ്ടി സെക്രട്ടറിയാണ് ഉപഹാരം നല്‍കിയത്. പിന്നീട് ബാഗുകള്‍ എം.എല്‍.എ ഹോസ്റ്റലിലേക്ക് എത്തിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു വിവാദത്തിനും അടിസ്ഥാനമില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ പുതിയ എം.എല്‍.എമാര്‍ക്ക് ഉപഹാരം നല്‍കുന്ന പതിവുണ്ട്. ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍, പേനകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ബാഗിലുള്‍പ്പെടുത്തുക. നേരത്തെ ഒന്നിച്ചു വാങ്ങി സൂക്ഷിച്ചിരുന്ന ബാഗുകളില്‍ മിച്ചമുണ്ടായിരുന്നതാണ് ഇരുവര്‍ക്കും നല്‍കിയത്. ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷവും ഇതേ നിറത്തിലെ ബാഗാണ് നല്‍കിയത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷിന് ഇരിപ്പിടം കിട്ടാത്തതും ചര്‍ച്ചയായി. സദസിനൊപ്പമിരുന്നാണ് അദ്ദേഹം ചടങ്ങ് വീക്ഷിച്ചത്. സ്പീക്കറും മുഖ്യമന്ത്രിയും ഒരുമിച്ചാണ് ഹാളിലേക്ക് എത്തിയത്. തുടര്‍ന്ന് ഇരുവരെയും വേദിയിലേക്ക് ആനയിച്ചു. പിന്നീട് മന്ത്രിമാരും. ചടങ്ങിന് ഏതാനും നിമിഷം മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എത്തി. അതുകഴിഞ്ഞ് മന്ത്രി രാജേഷ് എത്തിയപ്പോള്‍ വേദിയില്‍ ഇരിപ്പിടം ബാക്കിയുണ്ടായിരുന്നില്ല. നിയമസഭാ സെക്രട്ടറി കൃഷ്ണകുമാറാണ് സത്യപ്രതിജ്ഞയ്ക്കായി ജനപ്രതിനിധികളെ ക്ഷണിച്ചത്.
അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി. രണ്ടാമത് നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ ഒന്നാമതാകുന്നതിനായി അവര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് മനസിലാക്കാം. അവര്‍ അത് ചെയ്യുന്നവരുമാണ്. എന്നാല്‍, ബി.ജെ.പിയെ ഒന്നാമതെത്തിക്കാന്‍ സി.പി.എമ്മിന്റെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകം എന്തിനുവേണ്ടിയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ജലരേഖയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ- രാഹുല്‍ പറഞ്ഞു.
ഈ പെട്ടി പ്രശ്നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിലേക്ക് യൂണിഫോം പോലുമില്ലാത്ത പോലീസുകാര്‍ നടത്തിയ തോന്ന്യവാസം, ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ഇതിനെല്ലാം സി.പി.എമ്മും ബി.ജെ.പിയും നിയമപരമായി കൂടി മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കി.
താന്‍ നല്‍കിയ മാനനഷ്ട കേസിന്റെ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും മറ്റ് കേസുകളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ത്തിയ ആരോപണങ്ങള്‍, പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, ഏറ്റവുമൊടുവില്‍ കാഫിര്‍ വിവാദം എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവര്‍ മറക്കും. ഇത് ഉയര്‍ത്തി കൊണ്ടുവരുന്നത് ഞങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























