അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടം; കാറോടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി പൊലീസ്...

കളർകോട് അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് കാറോടിച്ച വിദ്യാർഥി തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്. ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം.
അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച ഗൗരീശങ്കർ മൊഴി നൽകിയിരുന്നു. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തുനിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും ഗൗരിശങ്കർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുകയാണ്. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ പുരോഗതി എന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന 2 പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്.
പത്ത് പേർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന നാട്ടുകാരുടെ കണ്ടെത്തൽ തെറ്റാണെന്ന് തെളിഞ്ഞത് പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴിയിൽ നിന്നാണ്. കാറിൽ 11 പേരുണ്ടായിരുന്നുവെന്നായിരുന്നു വിദ്യാർത്ഥിയുടെ മൊഴി. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്‌ൻ ഡെൻസ്റ്റർ ആയിരുന്നു പതിനൊന്നാമൻ. അപകടത്തിൽ യാതൊരു പോറലും സംഭവിക്കാതെ രക്ഷപ്പെട്ടത് ഷെയ്‌ൻ മാത്രമാണ്.
നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ പോലും ഷെയ്ൻ വാഹനത്തിലുണ്ടായിരുന്നുവെന്ന സംശയം പോലും ആർക്കും ഉണ്ടായില്ല. അപകടം നടന്ന ആഘാതത്തിൽ ഒരക്ഷരം പോലും പറയാനുളള മനസും ആ ചെറുപ്പക്കാരനുണ്ടായില്ല. ഇതോടെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറി ഷെയ്‌ൻ ഹോസ്റ്റലിൽ എത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്ത് കയറി വാതിലടച്ചു.
പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴിയനുസരിച്ചാണ് സുഹൃത്തുക്കൾ ഷെയ്‌നെ തിരക്കി ഹോസ്റ്റലിൽ എത്തിയത്. അപ്പോഴും ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. ഉടൻ ഷെയ്നിനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മാനസികാഘാതം മറികടക്കാനുള്ള ചികിത്സ ഡോക്ടർമാർ നൽകുകയും കഴിഞ്ഞ ദിവസം ഷെയ്ൻ ഡെൻസ്റ്റൺ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മോട്ടർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ടിൽ നാല് കാരണങ്ങളാണ് ആലപ്പുഴ ആർടിഒ പറയുന്നത്. മഴ കാരണം റോഡിലുണ്ടായ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം, ഏഴുപേർ കയറേണ്ട വാഹനത്തിൽ 11 പേർ യാത്ര ചെയ്തു എന്നിവയാണ് അപകടത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ലഭിച്ചിട്ട് 5 മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാഹനം റോഡിൽ തെന്നിയതോടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 14 വർഷം പഴക്കമുള്ള വാഹനത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാതിരുന്നതിനാൽ പെട്ടെന്ന് വാഹനം ബ്രേക്കിട്ടപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടമായി. അത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്.
https://www.facebook.com/Malayalivartha
























