പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം... സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു

കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒല്ലൂര്‍ സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു. ഒല്ലൂര്‍ സിഐ ടി.പി. ഫര്‍ഷാദ്, സിപിഒ വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. കൈയ്ക്കും തോളെല്ലിനും കുത്തേറ്റ സിഐയ്ക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.
ഒട്ടേറെ കേസുകളില്‍ പ്രതിയായ പടവരാട് എളവള്ളി അനന്തു (മാരി - 24) എന്നയാളാണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ള്ഷാപ്പില് വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞാണ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയത്. അഞ്ചേരി അയ്യപ്പന്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമില്‍ പ്രതിയും സുഹൃത്തുക്കളും ഒളിവില്‍ കഴിയുന്നു എന്നറിഞ്ഞ പൊലീസ് സ്ഥലം വളയുകയായിരുന്നു.
പ്രതിയുടെ അടുത്ത് എത്തിയപ്പോഴാണ് കത്തിയെടുത്ത് സിഐയെ കുത്തിയത്. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ പ്രതിയെ മല്‍പ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























