ജനം വലഞ്ഞു... റോഡ് തടഞ്ഞ് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയതില്‍ പൊലീസ് കേസെടുത്തു; പൊതുജന സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി

റോഡ് തടഞ്ഞ് പരിപാടി നടത്തുക രാഷ്ട്രീയ പാര്‍ട്ടികളുടെ ശീലമാണ്. അവസാനം കേസ്. റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയതിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. വഞ്ചിയൂര്‍ പോലീസാണ് കണ്ടാലറിയുന്ന 500 ഓളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നാണ് പൊലീസ് എഫ്‌ഐആറിലുളളത്. വഞ്ചിയൂര്‍ ജങ്ഷനില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു. തൊട്ടടുത്താണ് വഞ്ചിയൂര്‍ കോടതി. പിന്നാലെയാണ് പൊലീസ് നടപടി.
വഞ്ചിയൂര്‍ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷന്‍ വരെ നീളുന്ന റോഡ് നെടുനീളത്തില്‍ അടച്ചുകെട്ടിയാണ് പാളയം ഏര്യാസമ്മേളനത്തിന് പൊതുസമ്മേളന വേദി പണിതത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാര്‍ക്കിംഗ് കൂടിയായപ്പോള്‍ വാഹനങ്ങള്‍ ഞെരുങ്ങി. രാവിലെ മുതല്‍ തുടങ്ങിയ ബ്ലോക്ക് നാല് മണിക്ക് സ്‌കൂളും ഓഫീസും എല്ലാം വിട്ടതോടെ വന്‍കുരുക്കായി.
വാഹനങ്ങള്‍ തിക്കിത്തിരക്കി റോഡ് നിശ്ചലമായി. പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്. അടച്ചിട്ട റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ ഇരുവശത്ത് നിന്നും വഴി തിരിച്ച് വിട്ടാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്.
പൊതുവഴി അടച്ച് കെട്ടിയുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കി കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയും ആവശ്യത്തിന് അനുമതികളൊന്നും ഔദ്യോഗികമായി വങ്ങാതെയുമായിരുന്നു പാളയം ഏര്യാകമ്മിറ്റിയുടെ നടപടി.
അതേസമയം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധമെന്ന് തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
മധു ആയാലും ആരായാലും, തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രശ്‌നമില്ല. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദന്‍ പറഞ്ഞു.
മാറ്റിവെച്ച സമ്മേളനങ്ങള്‍ സംസ്ഥാന സമ്മേളനം വരെ ഇനി നടത്തില്ല. 210 ഏരിയ സമ്മേളനങ്ങളില്‍ ഒരു ഏരിയ സമ്മേളനം മാത്രമാണ് മാറ്റിയത്. പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത് പാതകം പോലെ പ്രചരിപ്പിക്കുകയാണ്. വിമര്‍ശനം വേണം. ആരെയും വിമര്‍ശിക്കാം. മുഖ്യമന്ത്രിയെ വരെ വിമര്‍ശിക്കാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കകത്തെ വിഭാ?ഗീയത കാരണം മാറ്റിവച്ച സമ്മേളനങ്ങള്‍ ഇനി നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരുനാഗപ്പള്ളിയിലേത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് ആയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഞ്ചിയൂരിലെ സിപിഎം ഏരിയ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വഞ്ചിയൂരിലെ സ്റ്റേജ് വിവാദത്തില്‍ എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ പഴിചാരി. സ്റ്റേജ് കെട്ടുന്നതിലല്ല പ്രശ്‌നം, കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിലാണ് മാധ്യമശ്രദ്ധ. സിപിഎം സമ്മേളനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ആവശ്യത്തിന് പ്രചാരണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
"
https://www.facebook.com/Malayalivartha
























