ടീകോമിനെ പറഞ്ഞയക്കുന്നതെന്തിന്? കോടികൾ വെട്ടാനോ? അതോ ഇഷ്ടക്കാർക്ക് ഭൂമി തീറെഴുതാനോ?
ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രതികരിച്ചു. ടീകോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ജോസഫ് പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ടീകോം ആണ് നഷ്ടപരിഹാരം നൽകേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ്. ടീ കോം എംഡി ബാജു ജോർജിനെയും നഷ്ടപരിഹാരം നൽകാനുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഗോള ഐടി കമ്പനികളും നിക്ഷേപവും നേരിട്ട് എത്താത്തതാണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്. പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നൽകണമെന്ന ആവശ്യത്തിൽ നടപടികൾ വൈകിയതോടെ ടീം കോമിന്റെ താത്പര്യവും കുറഞ്ഞു. ദുബൈയുമായുള്ള നയതന്ത്ര ബന്ധത്തിൽ കരുതലെടുത്ത് നീങ്ങിയ സംസ്ഥാന സർക്കാർ, കാലതാമസത്തിൽ ഒരു ഘട്ടത്തിലും ഇടപെടൽ നടത്താത്തതും തിരിച്ചടിയായി. അതേസമയം, സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പ്രദേശം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കും. 100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുകയാണ്. ടീകോമിനുള്ള നഷ്ടപരിഹാരം കമ്മിറ്റി രൂപീകരിച്ച് തീരുമാനിക്കുമെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി മുംബൈയിൽ പറഞ്ഞു.
പത്ത് വർഷക്കാലം നാട്ടിലെ ചെറുപ്പക്കാരെ വഞ്ചിച്ച ടീകോമിനെതിരെ നടപടി എടുക്കുന്നതിന് പകരം അവർക്ക് ഖജനാവിൽ നിന്ന് പണം കൊടുക്കുമെന്നാണ് സർക്കാർ വാഗ്ദാനം. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ തിരിച്ചു പിടിക്കുകയും ഇതുവരെയുള്ള നിക്ഷേപം കണക്കാക്കി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പത്തുവര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥലസൗകര്യം ഉണ്ടാക്കുക, അതില്‍ 70 ശതമാനവും ഐ.ടി.ക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി
നീക്കിവെക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. പ്രതിവര്‍ഷം എത്ര തൊഴില്‍ എന്നതിനു വരെ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു വര്‍ഷം പോലും അവരത് പാലിച്ചില്ല.
കരാര്‍ പ്രകാരം വേണ്ടതിന്റെ പത്തിലൊന്നോ, ഇരുപതിലൊന്നോ കെട്ടിടങ്ങള്‍ പോലും നിര്‍മിച്ചിട്ടില്ല. വീഴ്ച വരുത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവരെ പറഞ്ഞു വിടുകയാണ് വേണ്ടത്. വസ്തുവിന് അവര്‍ തന്ന പാട്ടത്തുകയായ 105 കോടിയുണ്ട്, അവര്‍ കെട്ടിയ ചില കെട്ടിടങ്ങളുണ്ട്. അതൊക്കെ അവര്‍ക്കു നഷ്ടപ്പെട്ടു. അതിനുപകരം അങ്ങോട്ട് നഷ്ടപരിഹാരത്തുക കൊടുക്കുമെന്ന് പറയുന്നത് അഴിമതിയാണ്. അത് ഈ വസ്തു വേണ്ടപ്പെട്ട കുറെ ആള്‍ക്കാര്‍ക്ക് കൊടുക്കാനുള്ള ഗൂഢതാല്‍പര്യത്തിന്റെ പുറത്തു കാണിക്കുന്ന വ്യഗ്രതയാണെന്ന് വി എസിന്റെ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി മാത്യു പറഞ്ഞു.
കരാര്‍ ഉണ്ടാക്കിയത് 2007-ലാണ്. 2011-ല്‍ കരാറൊന്നും ഒപ്പിട്ടിരുന്നില്ല. ഈ കരാറില്‍ അവര്‍ നിശ്ചിത ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം (ഫ്രീ ഹോള്‍ഡ്) എന്ന ആവശ്യത്തില്‍ പണി തുടങ്ങാതെ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ഇട്ടിട്ടു പൊക്കോളാന്‍ പറഞ്ഞ് വി.എസ്. നോട്ടീസ് കൊടുത്തു. ഇടതു സര്‍ക്കാര്‍ മാറിയശേഷം വീണ്ടും യു.ഡി.എഫ് വരുമ്പോള്‍ കച്ചവടം നടത്താന്‍ നില്‍ക്കുകയാണ് ആ കമ്പനി എന്ന് തോന്നി. അതിനാല്‍ 2011 മെയ് മാസം വി.എസ്. സ്ഥാനമൊഴിയും മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്നു കരുതി ജനുവരിയില്‍ ടീക്കോമിന് കത്ത് കൊടുത്തു. അപ്പോള്‍ ഫ്രീ ഹോള്‍ഡ് സംബന്ധിച്ച് അവര്‍ ഉന്നയിച്ച ആവശ്യം പിന്‍വലിക്കുകയായിരുന്നു
ഈ കരാറിന്റെ തുടക്കം 2005 ൽ ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. . ഒമ്പതു ജില്ലകളില്‍ ഐ.ടി വികസനത്തിനുള്ള എക്സ്‌ക്ലൂസീവ് അവകാശത്തോടെ അവര്‍ക്ക് നൂറ് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാനുള്ള കരാറുണ്ടാക്കാന്‍ അന്ന് ശ്രമിച്ചു. അത് വി.എസ്. സമ്മതിച്ചില്ല, പൊളിച്ചെഴുതി. ഒമ്പതു ജില്ലകളിലെ ഐ.ടി വികസനത്തിനുള്ള എക്സ്‌ക്ലൂസീവ് അവകാശം ഇവര്‍ക്ക് മാത്രം കൊടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ എന്ന് ആലോചിച്ചു നോക്കണം.
ടെക്നോപാര്‍ക്കില്‍ ജീവനക്കാരനായിരുന്ന സമയത്ത് ജോസഫ് സി മാത്യു ഉമ്മന്‍ചാണ്ടിക്ക് ഒരു കത്ത് അയച്ചു, 'നോട്ട് ഇന്‍ അവര്‍ നെയിം' എന്ന് പറഞ്ഞിട്ട്. ഞങ്ങളുടെ പേരില്‍ ഈ കച്ചവടം നടത്തരുത് എന്ന്. അത് പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ആ കത്ത് വ്യാപകമായി ഇ-മെയില്‍ മുഖാന്തരം സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. മറുപടി കിട്ടിയില്ലെങ്കിലും സ്മാര്‍ട്ട് സിറ്റി പ്രോജക്ടിനെ സംബന്ധിച്ച് ഐ.ടി മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് കത്ത് കാരണമായി . പിന്നീട് അതേ വാദമുഖങ്ങളാണ് വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും മുന്നോട്ടുവെച്ചത്.
ഇന്‍ഫോപാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ തന്നെ ഇപ്പോള്‍ 40,000 പേര്‍ക്ക് തൊഴിലുണ്ട്. 33,000 തൊഴില്‍ ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ 100 ഏക്കര്‍ സ്ഥലം സൗജന്യമായി കൊടുക്കാം എന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. ഇന്‍ഫോപാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ച സര്‍ക്കാര്‍ നിക്ഷേപത്തിന്റെ ഫലമാണ്. അതിനെ അവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത് വെറുതെ സ്ഥലം കൊടുക്കാനുള്ള പ്രോജക്ട് ആയിരുന്നു അത്.
2007-ല്‍ ഒപ്പിട്ട കരാര്‍ പുതുക്കിയിട്ടേയില്ല, അത് പുതുക്കാന്‍ പറ്റില്ല. ചില ഉദ്യോഗസ്ഥര്‍ കമ്പനിക്ക് സഹായകമായ ഒരുപാട് നടപടികള്‍ എടുത്തു . വി.എസ്. ക്ലോസ് ചെയ്ത ഫ്രീ ഹോള്‍ഡ് വ്യവസ്ഥ വീണ്ടും ഓപ്പണ്‍ ചെയ്ത് ചില പ്രബല ഗ്രൂപ്പുകള്‍ക്ക് കൊടുക്കാനുള്ള നീക്കം അന്ന് നടന്നിരുന്നു. അത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ വീണ്ടും ചെയ്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ അവരൊന്നും ചെയ്തില്ല.
ടി - കോമിന്റെ കയ്യില്‍ സാമര്‍ത്ഥ്യവും പണവും ഇല്ലെന്നാണ് വി എസിന്റെ വിശ്വസ്തർ പറയുന്നത്. ഞങ്ങള്‍ക്ക് ഇതൊക്കെ ആദ്യമേ മനസ്സിലായിരുന്നു. പക്ഷേ, രാഷ്ട്രീയമായി ഈ രീതിയിലെ പോകാന്‍ പറ്റൂ എന്നുള്ള സ്ഥിതിയില്‍ എത്തിപ്പോയിരുന്നു. അവര്‍ക്ക് മര്യാദയ്ക്ക് മാര്‍ക്കറ്റ് ചെയ്തുള്ള പരിചയം പോലുമില്ല. എന്നിട്ടാണ് അവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ പോകുന്നത്.
കേരളത്തിലേക്ക് വന്ന ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാണിത്. ഇത്തരക്കാരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ കാര്യം. അവര്‍ക്ക് നിബന്ധനകള്‍ വച്ചതുകൊണ്ടാണ് കേരളത്തിലേക്ക് വന്ന പതിനെട്ടോളം പ്രത്യേക സാമ്പത്തിക മേഖലാ പദ്ധതികള്‍ വന്നവഴി ഓടിയത്. കേരളം മുഴുവന്‍ കട്ടുമുടിക്കാന്‍ വന്ന കുറേ കമ്പനികളായിരുന്നു അവ. അതിന്റെ പേരില്‍ വി.എസ് എന്തെല്ലാം പഴികളാണ് കേട്ടത്. എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മിക്കാതിരുന്നതെന്ന് ഈ വികസന വാദികള്‍ ഒന്നു പറഞ്ഞു തരട്ടെ.
പദ്ധതി പരാജയപ്പെടുത്തിയതില്‍ ഇവിടുത്തെ ഐ.എ.എസ് കൂട്ടായ്മയ്ക്ക് വലിയ പങ്കുണ്ട് എന്നാണ് ജോസഫ് സി മാത്യു പറയുന്നത്. നിങ്ങള്‍ എന്തിനാണ് ഒരു പദ്ധതിയില്‍ 16 ശതമാനം ഓഹരി പങ്കാളിത്തം എടുക്കുന്നത്? 26 ശതമാനം വേണമെന്ന് എന്തിനാണ് കടുംപിടുത്തം പിടിച്ചത്? മുഖ്യമന്ത്രി ചെയര്‍മാനായ അതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? 84 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ കമ്പനി പണം കൊണ്ടുവരികയോ നിര്‍മ്മാണം നടത്തുകയോ ചെയ്യുന്നില്ല.
കമ്പനിയെ പുറംകാലടിയും കൊടുത്ത് ഓടിക്കുകയാണ് വേണ്ടത്. അല്ലാതെ പാരിതോഷികം കൊടുത്തു വിടുകയല്ല. ഇവരെന്തിനാണ് മന്ത്രിസഭാ യോഗത്തിനുള്ള ഒരു കുറിപ്പില്‍ നഷ്ടപരിഹാരത്തുക ഉള്‍പ്പെടുത്തിയത് എന്നു മനസ്സിലാവുന്നില്ല. ഉള്‍പ്പെടുത്തിയതിനര്‍ത്ഥം നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്ന് തത്വത്തില്‍ അംഗീകരിക്കുകയാണ്.ഇവിടെയാണ് അഴിമതി മണക്കുന്നത്.
സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു . സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും.
കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല. പദ്ധതിയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പൊതുധാരണയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമത കുറവൊന്നും ഉണ്ടായിട്ടില്ല. പദ്ധതി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിക്ഷേപകർക്ക് ആശങ്ക ഉണ്ടാവേണ്ടതില്ലെന്നും ഇത് പുതിയ സാധ്യതയാണെന്നും അറിയിച്ചു.
അതേ സമയം, സ്മാർട്ട് സിറ്റി പദ്ധതിക്ക് പുതിയ പങ്കാളിയെ തേടുന്നതായി സർക്കാർ. ടീകോം ഒഴിവായ ശേഷം പദ്ധതിക്കായി സർക്കാർ പുതിയ നിക്ഷേപ പങ്കാളിയെ തേടും. താൽപര്യമുള്ളവർ എത്തിയാൽ പുതിയ വ്യവസ്ഥകളോടെ പദ്ധതി തുടരും. സാധ്യമായില്ലെങ്കിൽ മാത്രം ഭൂമി ഇൻഫോ പാർക്കിന് കൈമാറും. സ്മാർട്ട് സിറ്റി പദ്ധതി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് 13 വർഷമാകുന്നു.
ഒരു സർക്കാരിനെ വഞ്ചിച്ച കമ്പനിക്ക് എങ്ങനെയാണ് നഷ്ട പരിഹാരം അനുവദിക്കുക എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha
























