കളർകോട് വാഹനാപകടത്തിൽ നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം കേസ്...

ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് വാഹനാപകടത്തിൽ നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയ കാക്കാട് സ്വദേശി ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന നിയമ പ്രകാരം കേസ് എടുത്തു. വാഹനം നൽകിയത് കള്ള ടാക്സിയായെന്ന് എംവിഡി കണ്ടെത്തിയിരിക്കുന്നു. അപകടത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഷാമിൽ ഖാന് വാടക ഗൂഗിൾ പേ വഴി നൽകിയതിന്റെ തെളിവും കോടതിയിൽ ഹാജരാക്കും.
വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന് പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.
'മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്കാന് വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര് ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.
എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര് ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.
വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ലെന്നും വാഹനത്തിൻ്റെ ആർസി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും ആലപ്പുഴ ആർടിഒ അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു.
ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കോടതി നിര്‍ദേശപ്രകാരം കാര്‍ ഓടിച്ച ഗൗരീശങ്കറിനെ പ്രതിയാക്കും. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി, ആൽവിൻ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























