എഡിഎം നവീന്‍ ബാബുവിന്റെ മരണം... സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി....

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേല്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലുള്ളത്.
നവീന്‍ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി.പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയ ദിവ്യ നവീനെ അപമാനിക്കാനായി ബോധപൂര്‍വമായി ശ്രമം നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചു. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്പില് വച്ചാണ് ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ഹര്‍ജിക്കാരിയായ നവീന്‍ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഒരു ആത്മഹത്യയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നവീന്‍ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറന്‍സിക് സംഘവും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha
























