ഇനി നിനക്ക് സുഖമായി ഉറങ്ങാമല്ലോ... മകന്റെ പുതപ്പും, വൈറ്റ് കോട്ടും നെഞ്ചോടുചേര്‍ത്തുപിടിച്ച് വാവിട്ട് നിലവിളിച്ച് 'അമ്മ' : നോവായി ആൽവിൻ...

മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ കളർകോട്ട് കെഎസ്ആർടിസി ബസിലിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആൽവിൻ ജോർജിനു വിട നൽകി സഹപാഠികളും അധ്യാപകരും. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആൽവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് എടത്വയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാളെ ഉച്ചയോടെ തലവടി കറുകപ്പറമ്പിൽ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച രാവിലെ 9 നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം, ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം. തുടർന്ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും.
മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ആൽവിന്റെ മൃതദേഹത്തിനരികെ, ആൽവിൻ ഉപയോഗിച്ചിരുന്ന വെള്ള ഓവർകോട്ട് നെഞ്ചോടു ചേർത്ത് പിടിച്ച് വിതുമ്പിയ അമ്മയെ ആശ്വസിപ്പിക്കാനാകാതെ അരികെ നിന്നവരും തളർന്നു. നീ പത്താംക്ലാസ് കഴിഞ്ഞിട്ട് ശരിക്ക് ഉറങ്ങിയിട്ടില്ലല്ലോ. അങ്ങനെയിരുന്നു പഠിച്ചവനല്ലേ. ഇനി നിനക്ക് സുഖമായി ഉറങ്ങാമല്ലോ...' എന്ന് പറഞ്ഞുകൊണ്ട് 'അമ്മ' വാവിട്ട് നിലവിളിച്ചു. മകന്റെ പുതപ്പും പഠനവേഷമായ വൈറ്റ് കോട്ടും നെഞ്ചോടുചേര്‍ത്തുപിടിച്ച് കരയുന്ന അമ്മയെ കണ്ടവർക്കും കരച്ചിൽ നിയന്ത്രിക്കാനായില്ല.
ആല്‍വിന്‍ ജോര്‍ജിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചത്. അച്ഛന്‍ കൊച്ചുമോന്‍ ജോര്‍ജും അമ്മ മീനയും സഹോദരന്‍ കെല്‍വിനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്‍പതരയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കൂട്ടുകാരും സഹപാഠികളും മുതിര്‍ന്ന വിദ്യാര്‍ഥികളുമെല്ലാം കാത്തിരുന്നു. ഒരേ ബാച്ചിലെ ആറുപേര്‍ അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഹൃദയഭേദകമായ ആ കാഴ്ച.
അതിനിടെ കാറുടമയ്‌ക്കെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാനെതിരെയാണ് കേസെടുത്തത്. വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിസംബർ രണ്ടിനായിരുന്നു അപകടം. ഷാമിൽ ഖാന്റെ കാറിൽ സിനിമ കാണാൻ പോകുമ്പോഴാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. കാർ വാടകയ്ക്കു നൽകിയതല്ലെന്ന ഷാമിൽ ഖാന്റെ വാദം തെറ്റാണെന്നു പൊലീസും മോട്ടർവാഹന വകുപ്പും കണ്ടെത്തിയിരുന്നു.
വാഹനമോടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഗൗരിശങ്കറിന്റെ അക്കൗണ്ടിൽ നിന്ന് ഷാമിൽഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1000 രൂപ യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി കണ്ടെത്തി. പണം കൈമാറിയതു കണ്ടെത്തിയപ്പോൾ ഇതു വിദ്യാർഥികൾക്കു വായ്പയായി നൽകിയ പണം തിരിച്ചുനൽകിയതാണെന്നായിരുന്നു ഷാമിൽ ഖാന്റെ വാദം. അപകടത്തിൽ മരിച്ച കണ്ണൂർ മാട്ടൂൽ സ്വദേശിയുടെ ലൈസൻസിന്റെ പകർപ്പ് ഷാമിൽ ഖാൻ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സി ആയി ഓടിക്കാനോ വാടകയ്ക്കു നൽകാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നൽകിയ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഉടമയ്‌ക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
നിയമവിരുദ്ധമായി സ്വകാര്യവാഹനം വാടകയ്ക്കു നൽകുന്നുവെന്നു ഷാമിൽഖാനെക്കുറിച്ച് മുൻപും പരാതികളുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരിച്ച വിദ്യാർഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നൽകിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു ഷാമിൽഖാന്റെ വാദം.
https://www.facebook.com/Malayalivartha
























