ഞെട്ടലോടെ ജനങ്ങള്‍... അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദ് മോസ്‌കോയിലെത്തിയതായി സൂചന; റഷ്യ അഭയം നല്‍കിയതായി റിപ്പോര്‍ട്ട്; സമാധം അകലെയായി സിറിയ

അങ്ങനെ വമ്പന്‍ ട്വിസ്റ്റാണ് സിറിയയില്‍ ഉണ്ടായത്. അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമത സംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെ നിയന്ത്രണം പൂര്‍ണതോതില്‍ വിമതരുടെ കൈയിലാവുന്നതിന് മുന്‍പ് അസദ് ഐ.എല്‍.-76 എയര്‍ക്രാഫ്റ്റില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.
തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.
നവംബര്‍ 27-നാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്.
നവംബര്‍ 27-നു തുടങ്ങിയ സര്‍ക്കാര്‍വിരുദ്ധ ആക്രമണത്തിന്റെ 12-ാം ദിവസമായ ഞായറാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തെന്ന് ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) വിമതര്‍ പ്രഖ്യാപിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യംവിട്ടിരുന്നു. അസദ് ഭരണകൂടത്തിന്റെ സംരക്ഷകരായിരുന്ന റഷ്യയും ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചു.
സിറിയന്‍ സുരക്ഷാസേന ഡമാസ്‌കസ് അന്തരാഷ്ട്രവിമാനത്താവളം വിടുംമുന്‍പ് അസദ് വിമാനത്തില്‍ സിറിയ വിട്ടെന്ന് യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. വിമതര്‍ സിറിയയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇറാന്റെ സ്ഥാനപതികാര്യാലയത്തില്‍ അതിക്രമിച്ചുകയറി. നയതന്ത്രജ്ഞര്‍ അതിനുമുന്‍പേ ഇവിടം വിട്ടിരുന്നു.
അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. രണ്ടായിരാമാണ്ടുമുതലുള്ള അസദിന്റെ ഭരണം അവസാനിച്ചതില്‍ ഡമാസ്‌കസില്‍ ജനം തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അരനൂറ്റാണ്ടായി സിറിയ ഭരിക്കുന്നത്. അസദിനെ അധികാരത്തില്‍നിന്നിറക്കുക എന്ന ലക്ഷ്യവുമായാണ് 'ഓപ്പറേഷന്‍ ഡോണ്‍ ഫ്രീഡം' എന്നപേരില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തില്‍ വിമതര്‍ ആക്രമണം ആരംഭിച്ചത്.
ഡമാസ്‌കസിന്റെ പരിസരത്തുള്ള സെഡ്‌നായ ജയിലില്‍ കടന്നുകയറിയ എച്ച്.ടി.എസുകാര്‍ ആയിരക്കണക്കിനു തടവുകാരെ തുറന്നുവിട്ടു. അസദ് ഭരണത്തിന്റെ കറുത്തദിനങ്ങളുടെ പ്രതീകമായി കരുതുന്ന തടവറയാണിത്.
സിറിയന്‍ ജനത തിരഞ്ഞെടുത്ത ഏതു നേതൃത്വവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി പറഞ്ഞു. ഔദ്യോഗികമായി കൈമാറുംവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അല്‍ ജലാലി നിയന്ത്രിക്കുമെന്ന് എച്ച്.ടി.എസ്. തലവന്‍ അബു മുഹമ്മദ് അല്‍ ജൊലാനി പറഞ്ഞു.
അസദിന്റെ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ വീഴ്ച ചരിത്രപരമാണെന്ന് സിറിയയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ ചില ഭാഗങ്ങളുടെ നിയന്ത്രണം കൈവശംവെച്ചിരിക്കുന്ന കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റ് ഫോഴ്‌സസ് പറഞ്ഞു.
ആയിരക്കണക്കിന് സിറിയന്‍ പട്ടാളക്കാരെ ഇറാഖിലേക്കു പലായനം ചെയ്യാന്‍ അനുവദിച്ചതായി അവിടത്തെ സര്‍ക്കാര്‍ പറഞ്ഞു. സിറിയയിലുള്ള യു.എസ്., റഷ്യന്‍ സേനകള്‍ അവിടെത്തുടരും.
https://www.facebook.com/Malayalivartha
























