കായികാധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ വലിച്ചുകീറി

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ വലിച്ചുകീറിയ കായികാധ്യാപകനെതിരേ പോലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ അധ്യാപകനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌ക്കൂളിലാണു സംഭവം.
മുട്ടില്‍, ചെലഞ്ഞിച്ചാല്‍ ഇരിട്ടിയില്‍ റഫീസിന്റെ മകന്‍ മുഹമ്മദ് റഫീസി (13)നാണ് അധ്യാപകന്‍ വിനോദിന്റെ ക്രൂരപീഡനമേറ്റത്. കഴിഞ്ഞമാസം 27നാണ് സംഭവം. പ്രധാനാധ്യാപകനടക്കമുള്ളവര്‍ സംഭവം മൂടിവച്ചതായി ആരോപണമുണ്ട്. പണം നല്‍കി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. വിവരം പോലീസില്‍ അറിയിച്ചുമില്ല. ഒടുവില്‍ നാലുദിവസം മുമ്പു വിദ്യാര്‍ഥി പിതാവിനൊപ്പം കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. ക്ലാസില്‍ അധ്യാപകനില്ലാത്തതിനാല്‍ മുഹമ്മദ് റഫീസ് പുറത്തു സഹപാഠികള്‍ കളിക്കുന്നതു നോക്കിനില്‍ക്കുകയായിരുന്നു. ഈ സമയം കായികാധ്യാപകന്‍ വിനോദും പുറത്തുണ്ടായിരുന്നു. പുറത്തുനിന്ന കൂട്ടുകാരെ താന്‍ എടായെന്നു വിളിച്ചതായി മുഹമ്മദ് റഫീസ് പോലീസിനു മൊഴി നല്‍കി. ഇതുകേട്ട വിനോദ് തോളില്‍ കൈയിട്ടു കുട്ടിയെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി മതിലിനോടു ചേര്‍ത്തുനിര്‍ത്തി കൈവിരലുകള്‍ അകത്തിവലിച്ചെന്നാണു പരാതി. കൈവിരലുകള്‍ക്കിടയിലെ ചര്‍മം വേര്‍പെട്ട് അസ്ഥികള്‍ പുറത്തായ നിലയില്‍ കുട്ടിയെ വിനോദ്തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
കൈയില്‍ ഏഴു തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു. മറ്റ് അധ്യാപകരെക്കൂട്ടിയാണു കുട്ടിയെ വീട്ടില്‍ പറഞ്ഞയച്ചത്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണു പോലീസ് അധ്യാപകനെതിരേ കേസെടുത്തത്. രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കി. മുഹമ്മദ് റഫീസ് കൂട്ടുകാരെ എടാ എന്നു വിളിച്ചതു തന്നെയാണെന്നു തെറ്റിദ്ധരിച്ചാണ് അധ്യാപകന്‍ അതിക്രമം കാട്ടിയതെന്നു പോലീസ് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























