യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി

അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുന്‍ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന. 2014 മുതല്‍ 2017 വരെ ഇന്ത്യയിലെ പാക്ക് നയതന്ത്രജ്ഞനായിരുന്നു അബ്ദുല്‍ ബാസിത്ത്. അതേസമയം ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരു സാങ്കല്‍പിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഭീഷണി . ''അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകള്‍ അമേരിക്കയില്‍ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങള്‍ മുംബൈയെയും ന്യൂഡല്‍ഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം''– ഒരു പ്രാദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്ന് സംഭവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുല്‍ ബാസിത്ത് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























