സ്വകാര്യ ബസിടിച്ചു മരണമുണ്ടായാല്‍ 6 മാസത്തേക്ക് പെര്‍മിറ്റ് റദ്ദാക്കും; അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേറ്റാല്‍ മൂന്ന് മാസം വരെ പെര്‍മിറ്റ് നഷ്ടപ്പെടും; മാര്‍ച്ചിന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. സ്വകാര്യ ബസപകടത്തില്‍ ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആറു മാസം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേറ്റാല്‍ മൂന്ന് മാസം വരെ പെര്‍മിറ്റ് നഷ്ടപ്പെടും. 2025 മാര്‍ച്ചിന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ബസ് ജീവനക്കാര്‍ക്കെതിരെ പരാതി പറയാന്‍ ഉടമകള്‍ ബസില്‍ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ അപകടത്തില്‍ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡര്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയെ നിര്‍മാണം ഏല്‍പ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാര്‍ശകള്‍ നടപ്പാക്കും. മുണ്ടൂര്‍ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. അടുത്ത ചൊവാഴ്ചക്കു മുന്‍പ് പിഡബ്ല്യുഡി എസ്റ്റിമേറ്റ് സമര്‍പ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയില്‍ 16 സ്ഥലങ്ങളില്‍ ബ്ലാക്ക് സ്‌പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ എന്‍എച്ച്എ മാറ്റം വരുത്തും. ഡിസൈന്‍ ചെയ്യുന്നവരാണ് ബ്ലാക്ക് സ്‌പോട്ട് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പെര്‍മിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകള്‍ ലാസ്റ്റ് ട്രിപ്പ് നിര്‍ബന്ധമായി ഓടണം. ഒരു വാഹനമെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കണം. മാര്‍ച്ച് മാസത്തിനുള്ളില്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























