ജീവിതം അര്‍ബുദത്തിനെതിരായ പോരാട്ടമാക്കിയ സെബി

മരണത്തെ വരിക്കുമ്പോഴും ക്യാന്‍സറിനെതിരെ മനസ്സുകൊണ്ട് പോരാടിയ വ്യക്തി. ജീവിതം തന്നെ അര്‍ബുദമെന്ന വിപത്തിനെതിരായ പോരാട്ടമാക്കിയ വ്യക്തിയാണ് ഇന്നലെ അന്തരിച്ച തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ സെബി വല്ലച്ചിറക്കാരന്‍. ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി സെബി യാത്രയാകുമ്പോള്‍ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നഷ്ടമാകുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്‌നേഹിയെയാണ്. എവിടെ രക്തം വേണമെങ്കിലും ഓടിയെത്തുന്ന മനുഷ്യസ്‌നേഹി ആയിരുന്നു സെബി. നിരവധി സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന അദ്ദേഹം ബ്ലഡ് ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്ററായിരുന്നു.
സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ രണ്ട് വര്‍ഷം മുമ്പാണ് സെബിയെ ക്യാന്‍സര്‍ രോഗം പിടികൂടിയത്. ഉമിനീര്‍ ഗ്രന്ഥിയിലാണ് ക്യാന്‍സര്‍ ബാധിച്ചത്. രോഗബാധിതനായിട്ടും തന്റെ പ്രവര്‍ത്തന രംഗത്ത് നിന്ന് ഒരു ദിവസം പോലും മാറിനില്‍ക്കാന്‍ സെബി കൂട്ടാക്കിയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികിത്സയ്ക്കിടെ രോഗികള്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് കണ്ട് റേഡിയേഷന്‍ വിഭാഗത്തിലേക്ക് ആവശ്യമായ കസേരകള്‍ എത്തിച്ചും വസ്ത്രമില്ലാത്ത ക്യാന്‍സര്‍ രോഗികള്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കിയും സെബി സഹജീവി സ്‌നേഹത്തിന്റെ മാതൃകയായി.
ലോക ക്യാന്‍സര്‍ ദിനത്തില്‍ മൂന്ന് കാറുകളില്‍ നിറയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വസ്ത്രം എത്തിച്ച സെബി ഡ്രസ് ബാങ്ക് എന്ന ആശയത്തിനും തുടക്കം കുറിച്ചു. അതിനിടെ ക്യാന്‍സറിനെതിരെ മുള്ളാത്ത, ലക്ഷ്മി തരൂ തുടങ്ങിയ പ്രകൃതിദത്തമായ ചികിത്സാ രീതികളുടെ പ്രചാരകനായി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ അഗസ്റ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സെബി ലഷ്മി തരുവിന്റെയും മുള്ളാത്തയുടെയും പ്രചാരകനായത്. സെബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പള്‍സ് സ്വാന്തന സ്പര്‍ശമെന്ന സംഘടനയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്ന് ആയിരക്കണക്കിന് ലക്ഷ്മി തരു ചെടികള്‍ ഇറക്കിയ സെബി രോഗികള്‍ക്ക് അത് സൗജന്യമായി വിതരണം ചെയ്തു.
കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മുള്ളാത്തയും കൊണ്ടു വന്നു. ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെയും ഈ ചികിത്സാരീതി പ്രചരിപ്പിച്ചു. നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കി. ഐ.എം.എ. ബ്ലഡ് ബാങ്കില്‍ പി.ആര്‍.ഒ. ആയി ജോലിചെയ്തു വരികയായിരുന്നു. ഒല്ലൂരിലെ ആക്ട്‌സ് ബ്രാഞ്ച് സ്ഥാപക സെക്രട്ടറി, അഞ്ചേരി പള്‍സ് സാന്ത്വനസ്പര്‍ശം പ്രവര്‍ത്തകന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചേരിച്ചിറ യൂണിറ്റ്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഹണി. മക്കള്‍: എയ്ഞ്ചലീന, ഇനോവ്, എവീന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























