കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി. വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്ന ശേഖരനാണ് (42) പ്രതി. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 55,000 രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ 13 മാസം അധിക കഠിന തടവ് അനുഭവിക്കണം.
കൂട്ടുകാരന്റെ മകനായ 12കാരനെയാണ് പ്രതി പീഡിപ്പിച്ചത്. 2019ല്‍ ഓണാവധി സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍പ്പണിക്കാരനാണ് കുട്ടിയുടെ പിതാവ്. സംഭവദിവസം കുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യപിച്ചതിനുശേഷം അവിടെതന്നെ കിടന്നുറങ്ങിയിരുന്നു. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ അടുത്തെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭയം കാരണം കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗില്‍ ആണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഡി ആര്‍ പ്രമോദ് ആണ് ഹാജരായത്. കേസില്‍ 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. അന്നത്തെ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന രതീഷ്, അശോക് കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha