സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാന്‍ നിര്‍ദ്ദേശം... ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂരില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം..

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂരില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജോധ്പൂരിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാനായി ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍. ജോധ്പൂരിന് പുറമെ ശ്രീഗംഗാനര്‍, ബിക്കാനിര്‍, ജയ്സാല്‍മീര്‍, ബര്‍മെര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് ജോധ്പൂരിലുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഇന്നലെ മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.
വൈകുന്നേരം നാല് മണിയോടെയാണ് ആദ്യഘട്ട മോക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം രാത്രി എട്ടര മുതല്‍ 8.45 വരെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ട്രെയിന്‍ സര്‍വീസുകള്‍ 15 മിനിട്ട് സമയം നിര്‍ത്തിവച്ച് മോക്ക് ഡ്രില്ലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലര്‍ച്ചയോടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പിലാക്കിയത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്‌ഷെ, ലഷ്‌കര്‍, ഹിസ്ബുള്‍ ഭീകര താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. അബ്ബാസ് ഭീകരതാവളത്തിന് (മര്‍കസ് അബ്ബാസ്) പുറമെ മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്മൂന ജൂയ, മര്‍കസ് അഹ്‌ലെ ഹദീസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ ഭീകരകേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
https://www.facebook.com/Malayalivartha