വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എംഎല്‍എ

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനിടെ വനം വകുപ്പ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് കോന്നി എംഎല്‍എ കെ.യു.ജെനീഷ് കുമാര്‍ ബലമായി മോചിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പ് ഓഫിസിലുള്ളപ്പോഴായിരുന്നു ഭീഷണി.
''എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്‌സലുകള്‍ വരും. നിങ്ങള്‍ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങള്‍ ആന വന്നതില്‍ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് പാവങ്ങളെ പിടിച്ചു കൊണ്ടുവരുന്നത്''-പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ എംഎല്‍എ പറഞ്ഞു. കാട്ടാന ഷോക്കേറ്റാണ് ചരിഞ്ഞതെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ആനയ്ക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്ന് വനംവകുപ്പ് പരിശോധിച്ചു വരികയാണ്. സ്ഥലം ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ സ്ഥലം കൈതച്ചക്ക കൃഷിക്ക് മറ്റൊരാള്‍ക്ക് പിന്നീട് പാട്ടത്തിനു നല്‍കി. സ്ഥലം വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണ് എംഎല്‍എ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ബഹളംവച്ചതും ഭീഷണിപ്പെടുത്തിയതും.
https://www.facebook.com/Malayalivartha