സ്‌കൂള്‍ ബസുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രി

സ്‌കൂള്‍ കുട്ടികളുടെ യാത്ര സംബന്ധിച്ചു കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദര്‍ശിപ്പിക്കും. സ്‌കൂള്‍ ബസുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കും. ഓട്ടോ, ടാക്‌സി, വാന്‍, പ്രൈവറ്റ് ബസ് എന്നിവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കുട്ടികളുടെ ബസ് യാത്രയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൃത്യമായ സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്‌ബോഡില്‍ നിന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ തുടര്‍നടപടി സ്വീകരിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടണം. സ്‌കൂള്‍ കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണെന്നും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്താന്‍ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങള്‍, കാലാവധി കഴിഞ്ഞ മറ്റ് ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നില്ലെന്നു പ്രധാന അധ്യാപകന്‍ ഉറപ്പുവരുത്തണം. പാചകത്തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തുവെന്ന് ഉറപ്പാക്കണമെന്നും സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. റെയില്‍ ക്രോസ്സിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളില്‍ സംരക്ഷണ വേലികള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha