മുജീബ് റഹ്‌മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസും കേന്ദ്ര ഏജൻസികളും: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച എളമക്കര സ്വദേശി റിജാസിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും...

ഇന്ത്യയുടെ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തി ന്റെ 'ലൊക്കേഷൻ' ചോദിച്ചു കൊച്ചി നാവിക ആസ്‌ഥാനത്തേക്ക് വിളിച്ച മുജീബ് റഹ്‌മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. ലഹരിപദാർഥങ്ങൾ ഉപയോഗി ക്കുന്നതു മൂലമുള്ള മനോവിഭ്രാന്തിക്കു ചികിത്സ തേടുന്ന വ്യക്തിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാണു അന്വേഷണ സംഘം കൂടുതൽ പരിശോധനയിലേക്കു നീങ്ങുന്നത്. സർട്ടി ഫിക്കറ്റ് നൽകിയ ഡോക്‌ടറുടെ മൊഴിയും രേഖപ്പെടുത്തും. മുജീബ് റഹ്‌മാന്റെ പെരുമാറ്റത്തിലും അന്വേഷണ സംഘത്തിനു സംശയമുണ്ട്. അതിർത്തിയിൽ ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമായ സമയത്താണു ഫോൺ വിളിച്ചു വിക്രാന്തിന്റെ ലൊക്കേഷൻ മുജീബ് അന്വേഷിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണെന്നു പറഞ്ഞായിരുന്നു ഇയാൾ വിളിച്ചത്.
ഇന്ത്യയുടെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ തേടി നാവിക സേനാ ആസ്ഥാനത്തേക്ക് വിളിച്ച മുജീബ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡ് സ്വദേശിയാണ് ഇയാൾ. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു രാഘവനാണെന്നു പറഞ്ഞു കൊച്ചി നേവൽ ബേസിലേക്കാണു മുജീബ് റഹ്മാൻ കഴിഞ്ഞ ദിവസം ഫോൺ ചെയ്തത്. വെള്ളിയാഴ്ചയാണു ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തേക്കു ഫോൺ കോൾ വന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ എത്തിയ ഫോൺ കോൾ നാവികസേന ഗൗരവമായെടുത്തു. രാത്രി തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്ത ഹാർബർ പൊലീസ് മുജീബിനെ തിരഞ്ഞ് ഇറങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ കോഴിക്കോട് ഗാന്ധി റോഡ് ഭാഗത്താണെന്നു മനസ്സിലായി. തുടർന്ന് പൊലീസ് ആവശ്യപ്പെട്ട പ്രകാരം മുജീബ് റഹ്മാൻ ഞായറാഴ്ച രാത്രി വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. എലത്തൂരിനു സമീപം സഹോദരി വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു മുജീബ് റഹ്മാൻ. ഹാർബർ സ്റ്റേഷനിൽ എത്തിച്ച മുജീബിനെ പൊലീസിനു പുറമേ നാവികസേനാ ഇന്റലിജൻസ് വിഭാഗം, ഐബി, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ബഹുമുഖ അന്വേഷണവുമുണ്ടാകുമെന്ന് ഏജൻസികൾ വ്യക്തമാക്കി. പ്രതിക്കു ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. പ്രതി ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ മനോ വിഭ്രാന്തികൾക്കു 2021 മുതൽ ചികിത്സയിലാണെന്നു പൊലീസ് പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ മറച്ചുവച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ബിഎൻഎസ് 319 പ്രകാരവും കേസെടുത്തിട്ടുണ്ട്. പരസ്പര വിരുദ്ധമാണു മുജീബിന്റെ മൊഴികളെന്നു പൊലീസ് പറഞ്ഞു. തന്റെ ഫോണിൽ നിന്നാണു കോൾ വന്നതെങ്കിലും താൻ ആരെയും വിളിച്ചിട്ടില്ലെന്നാണു മുജീബിന്റെ മൊഴി. എന്നാൽ, താൻ ഫോൺ ആർക്കും കൈമാറിയിട്ടില്ലെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച എളമക്കര സ്വദേശി റിജാസ് എം. ഷീബ സൈദീക്കിനെ നാഗ്‌പുർ പൊലീസ് കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. എളമക്കരയിലെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പെൻഡ്രൈവുകളുടെയും ഫോണുകളുടെയും സൈബർ ഫൊറൻസിക് പരിശോധനാ ഫലങ്ങൾ കിട്ടിയശേഷമായിരിക്കും തെളിവെടുപ്പ്. പ്രതിയുടെ ആദ്യ റിമാൻഡ് കാലാവധിയിൽ തന്നെ പരിശോധനാ ഫലങ്ങൾ വാങ്ങാനാണു നാഗ്പുർ പൊലീസിന്റെ ശ്രമം. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം റിജാസ് കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. യാത്രാ തടസ്സമുണ്ടാക്കിയ കുറ്റത്തിനു കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
റിജാസ് എം. ഷീബ സിദ്ദിഖിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സംഘത്തിനു (എടിഎസ്) ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ ആണ്. പിടിയിലായ റിജാസ് "അര്‍ബന്‍ നക്‌സലാണ് ' എന്ന സംശയത്തിലാണ് മഹാരാഷ്‌ട്ര പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ റിജാസ് ഷീബയുടെ കൊച്ചിയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചാല്‍ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയടക്കം വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഡ്രൈവുകള്‍, ഫോണുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്ത്.
നിരോധിക്കപ്പെട്ട ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും (ജെകെഎൽഎഫ്) സിപിഐ മാവോയിസ്റ്റ് സംഘടനയുമായും റിജാസിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. യുകെയിലെ ഒരു മൊബൈല്‍ നമ്പരിലേക്ക് റിജാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരങ്ങള്‍. ഇതിന് ഐഎസ്‌ഐ ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha