വനപാലകര്‍ കസ്റ്റഡിയിലെടുത്തയാളെ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തില്‍ കോന്നി എം എല്‍ എ അഡ്വ.കെ യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്ന വനംവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് നടപടി. ഭീഷണി, ജോലി തടസപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയെയാണ് എം എല്‍ എ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചത്.
എന്ത് തോന്ന്യാസമാണ് കാട്ടുന്നതെന്ന് പറഞ്ഞ് വനപാലകരോട് എം എല്‍ എ തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചാണ് എം എല്‍ എ പ്രകോപിതനായത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് മഹസര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മോചിപ്പിച്ച് കൊണ്ടുപോയത്.
കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറെയും പ്രദേശവാസികളെയും കൂട്ടിയാണ് എം എല്‍ എ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. വനപാലകരോട് കസ്റ്റഡിയിലെടുത്തതിന്റെ രേഖകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടു. കുളത്തുമണ്ണില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആന കിടന്ന വനഭൂമിക്കു സമീപത്തെ കൈതത്തോട്ടം ഉടമയുടെ സഹായി കോന്നി വയക്കരയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തോട്ടത്തിന്റെ അതിര്‍ത്തിയിലെ സോളാര്‍ വേലിയിലൂടെ കൂടുതല്‍ അളവില്‍ വൈദ്യുതി കടത്തിവിട്ടതാണ് ആനയ്ക്ക് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha